ഇന്നേക്ക് 32 വര്‍ഷം,ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട്
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് മതേതര ഇന്ത്യയുടെ ഉണങ്ങാത്ത മുറിവാണ്.1992 ഡിസംബര്‍ ആറിനാണ് സകല നിയമസംവിധാനങ്ങളും കാറ്റില്‍ പറത്തി കര്‍സേവകര്‍ പള്ളി പൊളിച്ചത്. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവിലാണ് കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാരം പള്ളിപൊളിച്ചത്. പള്ളി പൊളിച്ച് 32 വര്‍ഷം പിന്നിടുമ്പോഴും ആ കൊടുംപാതകത്തിന്റെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്തതില്‍ ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടിരുന്നു. ഹിന്ദു ക്ഷേത്രം പൊളിച്ചിട്ടാണ് മുഗള്‍ ഭരണാധികാരി ബാബര്‍ അവിടെ പള്ളി പണിതതെന്നായിരുന്നു അവരുടെ വാദം.
പള്ളി പൊളിച്ച് 32 വര്‍ഷം കഴിഞ്ഞിട്ടും പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയര്‍ന്നെങ്കിലും പകരം നല്‍കിയ ഭൂമിയില്‍ പള്ളിയുടെ നിര്‍മാണം മാത്രം നടന്നിട്ടില്ല. അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പുരില്‍ പള്ളി നിര്‍മിക്കാന്‍ നല്‍കിയ സ്ഥലത്ത് ഇപ്പോഴും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല.അയോധ്യയോടെ പള്ളികളടെ മേലുള്ള സംഘപരിവാറിന്റെ അവകാശവാദം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഒരു പള്ളിക്ക് പുറകെ മറ്റു പള്ളികളും പൊളിക്കാനുള്ള ശ്രമത്തിലാണ്. ഗ്യാന്‍വാപിയും മധുര ശാഹി ഈദ് ഗാഹ് മസ്ജിദും കടന്ന്, സംഭല്‍ ശാഹി ജുമാമസ്ജിദും, അജ്മീര്‍ ദര്‍ഗയും, ഡല്‍ഹി ജുമാമസ്ജിദുമെല്ലാം കോടതി കയറുകയാണ്.1991 ലെ ആരാധനാലയ സംരക്ഷണ നിയമം രാജ്യത്ത് നിലനില്‍ക്കുമ്പോഴും സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളില്‍ സര്‍വേക്ക് അനുമതി നല്‍കുന്ന കോടതികളുടെ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ്.