സിബിഐ അന്വേഷണം വേണ്ട; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍
എറണാകുളം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോട് നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹരജിയില്‍ കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടീസയക്കും. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കേസില്‍ കക്ഷിയല്ലാത്ത കലക്ടറുടെയും പ്രശാന്തന്റെയും ഫോണ്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയുടെ ലംഘനമാവുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് രണ്ടുപേര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹരജി ഈ മാസം 10ന് വീണ്ടും പരിഗണിക്കും.