കോഴിക്കോട്: കേരളം ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് മുഖം തിരിച്ച് നില്‍ക്കുന്നതിനാലും, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതിനാലും മുണ്ടക്കൈയിലെ മഹാദുരന്തമുണ്ടായിട്ടും സഹായം നല്‍കാതെ അവഗണിക്കുന്നതെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലേ
എന്ന മുദ്രാവാക്യമുയര്‍ത്തി, വയനാട് മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനം കേന്ദ്രത്തിന് മുന്‍പാകെ വെച്ച ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോഴിക്കോട് ജില്ലാ കമ്മറ്റി ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം നല്‍കിയ സഹായം പോലും കേരളത്തിന് നല്‍കിയില്ല. ആന്ധ്രയില്‍ പ്രളയമുണ്ടായപ്പോള്‍ വളരെപെട്ടെന്നാണ് കേന്ദ്രം സഹായം നല്‍കിയത്.
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടമെടുപ്പ് പരിധി തടഞ്ഞും മറ്റും പ്രയാസപ്പെടുകയാണ്. കേരളം വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ നേടിയ നേട്ടം കേന്ദ്രത്തിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. വയനാട് ദുരന്തത്തെക്കുറിച്ച് ബിജെപി നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ വി.മുരളീധരന്‍ പറഞ്ഞത് അവിടെ രണ്ട് വാര്‍ഡുകളാണ് ഒഴുകി പോയതെന്നാണ്. വയനാട് മൊത്തം ഒഴുകി നശിക്കണമെന്നാണോ മുരളീധരന്‍ ആഗ്രഹിക്കുന്നതെന്നദ്ദേഹം ചോദിച്ചു. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ എല്ലായ്‌പ്പോഴും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പരിമിതമായ തുക കൊണ്ട് ദുരിതാശ്വാസം നടത്താനാണ് കേന്ദ്രം പറയുന്നത്. രണ്ടായിരത്തിലധികം കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ദുരന്ത മേഖലയിലെ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ്. അത്‌പോലും കളളക്കണക്കാണെന്നാണ് കേന്ദ്രം പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നടപടികള്‍ക്കെതിരെ അതിശക്തമായ ചെറുത്ത് നില്‍പ്പ് ഉയര്‍ന്ന് വരുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, എന്‍സിപി നേതാവ് പി.എം.സുരേഷ് ബാബു, സിപിഐ നേതാവ് ടി.വി.ബാലന്‍, ഐഎന്‍എല്‍ നേതാവ് ശോഭ അബൂബക്കര്‍ ഹാജി, നാഷണല്‍ ലീഗ് നേതാവ് എന്‍.കെ.അബ്ദുല്‍ അസീസ്, ടി.എം.ജോസഫ് കേരള കോണ്‍ഗ്രസ് മാണി, കെ.കെ.അബ്ദുള്ള ജനതാദള്‍.എസ്, മുസ്തഫ കടമ്പോട്ട് കോണ്‍ഗ്രസ് എസ്, സാലിഹ് കൂടത്തായി കേരള കോണ്‍ഗ്രസ് ബി, ഡെപ്യൂട്ടി മേയര്‍ പി.മുസാഫിര്‍ അഹമ്മദ്, എം.എല്‍.എമാരായ കെ.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ഇ.കെ.വിജയന്‍, ലിന്റോ ജോസ് എന്നിവര്‍ സംബന്ധിച്ചു. സിപിഎം ടൗണ്‍ ഏരിയാ സെക്രട്ടറി നിഖില്‍ നന്ദി പറഞ്ഞു.