കോഴിക്കോട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ തഴച്ചുവളരുന്ന ഓണ്‍ലൈന്‍ സൗഹൃദത്തേക്കാള്‍ ആവശ്യം നേരിട്ടുള്ള സൗഹൃദമാണെന്ന് റീജ്യണല്‍ സയന്‍സ് സെന്റര്‍ മേധാവി എം എം കെ ബാലാജി. കോഴിക്കോട് പ്ലാനറ്റോറിയത്തില്‍ റഹ്മാനിയ്യ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സംഘടിപ്പിച്ച നിര്മ്മാണ്-’24 സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തില്‍ വിജയം മാത്രമല്ല പരാജയവും സംഭവിക്കുന്നു. എന്നാല്‍ പരാജയങ്ങളെ വിശകലനം ചെയ്ത് മുന്നേറുന്നവരാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. പരാജയങ്ങളെ നേരിടാനുള്ള കരുത്ത്
നല്കാന് സൗഹൃദങ്ങള്‍ക്ക് ഏറെ സാധിക്കും. അതിനാല്‍ നേരിട്ടുള്ള സൗഹൃദങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കരിക്കുലം ഡയരക്ടര്‍ എം ഉബൈദുള്ള, റസിഡന്റ് മാനേജര്‍ ഒ.കെ അബ്ദുല്‍ അസീസ്, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സക്കീര്‍ ഹുസൈന്, ഹെഡ് മിസ്ട്രസ് ഖമറു ലൈല, പി ടി എ വൈസ് പ്രസിഡന്റ് ജലാലുദ്ധീന്‍, ജനറല്‍ കണ്‍വീനര്‍ സി.പി യൂനുസ്, കരിയര്‍ മാസ്റ്റര്‍ ഹബീബുറഹ്മാന്
തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ പേപ്പര്‍ അവതരണം നടത്തി. മോട്ടിവേഷന്‍ ക്ലാസ്, ഇന്ററാക്ടീവ് സെഷന്, ലിക്വിഡ് നൈട്രജന്‍ ഷോ, ത്രീഡി ഷോ, പ്ലാനിറ്റേറിയം ഷോ എന്നീ സെഷനുകള്‍ അരങ്ങേറി. അബ്ദുള്‍നാസര്‍ പള്ളിത്തൊടിക, കെ പി മുഹമ്മദ് അമീന്, സി ഷാഹിദ്, പി സാഹിറ ഹമീദ് , കെ ബിനോജ് എന്നിവര്‍ നേതൃത്വം നല്കി.