ആലപ്പുഴയിലെ അപകട മരണം ഹൃദയഭേദകം  ( എഡിറ്റോറിയല്‍)

ആലപ്പുഴയിലെ അപകട മരണം ഹൃദയഭേദകം ( എഡിറ്റോറിയല്‍)

            ആലപ്പുഴ ദേശീയ പാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിന് സമീപം കെഎസ്ആര്‍ടിസി ബസ്സും, കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്നവരില്‍ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. നന്നായി പഠിച്ച് ഡോക്ടര്‍മാരാവാനുള്ള ജീവിത യാത്രക്കിടയിലാണ് മരണം അവരെ തട്ടിയെടുത്തത്. അപകടം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായതും, കാറിന്റെ നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഓരോ അപകട മരണവും അതീവ ദുഃഖകരമാണ്. മരണം യാഥാര്‍ത്ഥ്യമാണ്. അതിനോട് പൊരുത്തപ്പെട്ട് പോകല്‍ മാത്രമാണ് ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്. ആലപ്പുഴയിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ നെയ്ത് ജീവിച്ച ഈ കുട്ടികളുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടേയും ഉറ്റവരുടെയും സങ്കടങ്ങള്‍ക്ക് എന്ത് പരിഹാരമാണുള്ളത്. അവരെ ആശ്വസിപ്പിക്കാനാവാതെ തരിച്ചു നില്‍ക്കുകയാണ് നാടും നാട്ടുകാരും.
പലപ്പോഴുമുണ്ടാകുന്ന വാഹനാപകടത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ അമിത വേഗതയും അശ്രദ്ധയും ഒരു ഘടകമാകുന്നതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടാറുണ്ട്. വേഗത ഒരല്‍പം കുറച്ചാല്‍ ഒന്നും നഷ്ടപ്പെടാനില്ല. ചിലപ്പോള്‍ ഒരല്‍പം സമയം വൈകിയെന്നിരിക്കും. എന്നാലും മറ്റ് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവില്ലല്ലോ.
ഡ്രൈവിംങ്ങില്‍ ഇനിയും പരിഷ്‌ക്കാരങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികളുണ്ടാവണം. യാത്ര ചെയ്യുമ്പോള്‍ ഓരോ വ്യക്തിയും സുരക്ഷയെക്കുറിച്ച് നല്ല ബോധവാനാകുന്ന രീതിയിലുള്ള പഠനം ചെറുപ്രായത്തില്‍ത്തന്നെ സിലബസുകളില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണം. ഓരോ മരണങ്ങളും അപരിഹാര്യമായ നഷ്ടങ്ങളാണ്. ഡോക്ടര്‍മാരാകേണ്ടിയിരുന്ന ഈ കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍.

ആലപ്പുഴയിലെ അപകട മരണം ഹൃദയഭേദകം

എഡിറ്റോറിയല്‍

Share

Leave a Reply

Your email address will not be published. Required fields are marked *