മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ വുമായി ബന്ധപ്പെട്ട് നാളെ നിയമസഭാകക്ഷി യോഗം ചേരും. ശിവസേന നേതാവും നിലവിലെ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുന്നതില്‍ കടുംപിടുത്തം തുടരുന്നതാണ് മഹായുതി സര്‍ക്കാര്‍ രൂപീകരണത്തെ അനിശ്ചിതത്വത്തിലാക്കിയത്. സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുംബൈയില്‍ തിരിച്ചെത്തിയ ശേഷം തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഷിന്‍ഡെ നാട്ടിലേക്ക് പോയതോടെ യോഗം റദ്ദാക്കുകയായിരുന്നു.നിലവില്‍ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡെ, ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ വിസമ്മതിച്ചതാണ് ചര്‍ച്ച അനിശ്ചതത്വത്തിലാക്കിയത്. മകന് ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ബിജെപി തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രി പദം വിട്ടു നല്‍കുന്നതിന് പകരം ആഭ്യന്തരം, നഗരവികസനം എന്നീ വകുപ്പുകള്‍ വേണമെന്നാണ് ഷിന്‍ഡെ ആവശ്യം ഉന്നയിക്കുന്നത്.
നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുംബൈ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയും 41 എംഎല്‍എമാരുള്ള എന്‍സിപിയും തമ്മില്‍ വകുപ്പിനു വേണ്ടിയുള്ള വടംവലിയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണം.
മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം;
നാളെ നിയമസഭാകക്ഷിയോഗം