കോടികള്‍ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചു; തിരൂര്‍ സതീഷ്

കോടികള്‍ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചു; തിരൂര്‍ സതീഷ്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കോടികള്‍ ചാക്കിലാക്കിയാണ് ബിജെപി തൃശ്ശൂര്‍ ഓഫീസിലെത്തിച്ചതെന്ന് ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റകൃത്യമായ കള്ളപ്പണമിടപാട്് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നത് ജില്ലാ ട്രഷററാണ്. ജില്ലാ പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് അയാള്‍ പണം കൈകാര്യം ചെയ്യുന്നത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ച പണത്തിന് കാവല്‍ ഇരുന്നുവെന്ന ഒരു തെറ്റുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സതീഷ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 10,000 രൂപയാണ് ഓരോ ബൂത്തിനും നല്‍കുന്നത്. ഇത് നല്‍കിയതിന് ശേഷം ബാക്കിവന്ന പണം എന്ത് ചെയ്തുവെന്നത് നേതൃത്വം വ്യക്തമാക്കണം. ആരൊക്കെയാണ് ഇത് വീതംവെച്ച് എടുത്തത്, എന്തിനൊക്കെ വേണ്ടിയാണ് ഈ പണം ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് കൊണ്ട് വരണം.ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് കള്ളത്തരമാണ്. അടിയന്തരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ഈ കള്ളപ്പണ ഇടപാട് നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. കള്ളപ്പണം ഉപയോഗിക്കുകയെന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഈ കുറ്റം ചെയ്ത ആളുകളെ പോലീസോ ഇ.ഡിയോ ചോദ്യം ചെയ്യുകയും ഈ പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നും ആര്‍ക്കാണ് വീതം വെച്ചതെന്നും കൃത്യമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

കോടികള്‍ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചു; തിരൂര്‍ സതീഷ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *