മാതാപിതാക്കളുടെ സ്വപ്‌നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരല്ല വിദ്യാര്‍ഥികള്‍: പി സുധാകരന്‍
കോഴിക്കോട്: മാതാപിതാക്കള്‍ നെയ്യുന്ന സ്വപ്നങ്ങളായ പഠിച്ചു ഡോക്ടറും എന്‍ജിനായറും മറ്റുമാക്കുന്ന സ്വപ്നങ്ങള്‍ക്കപ്പുറം കുട്ടികളുടെ സര്‍ഗ്ഗശേഷി തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രചോദനം നല്‍കുകയാണ് വേണ്ടതെന്ന് പ്രശസ്ത ചിത്രകലാ നിരൂപകനും എഴുത്തുകാരനുമായ പി. സുധാകരന്‍ പറഞ്ഞു. സില്‍വര്‍ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ ആര്‍ട്ട് ഗാലറി അക്കാദമിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ പരിമിത സ്വപ്നങ്ങളില്‍ തളച്ചിടരുത്. അവരുടെ കൗമാരം ബലി കൊടുക്കരുത്. ലോകമെങ്ങും സര്‍ഗ്ഗാത്മകത ഉയര്‍ന്നുനില്‍ക്കുമ്പേള്‍ കുട്ടികള്‍ക്ക് വലിയ അവസരങ്ങളാണുള്ളത്. ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന 60 കുട്ടികള്‍ യാതൊരു മുന്‍വിധിയുമില്ലാതെയാണ് വരച്ചിട്ടുള്ളത്. പുതിയ കാലത്തെ കുട്ടികള്‍ മനസിലാക്കുന്നതിന് ദൃഷ്ടാന്തമാണ് പ്രദര്‍ശന നഗരിയിലെ ചിത്രങ്ങള്‍. അവരുടെ ഉള്ളിലെ വിങ്ങലുകളാണ് സാമൂഹിക പ്രശ്‌നങ്ങളായി പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ സ്വന്തം കൈകൊണ്ട് വിദഗ്ധമായി വരച്ചിട്ടിരിക്കുകയാണ് അവര്‍. കുട്ടിത്തമുള്ള ചിത്രങ്ങളെക്കാള്‍ കുട്ടിത്തത്തെ മറികടക്കുന്ന ചിത്രങ്ങളാണ് വരച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറ സ്വാഗതം ആശംസിച്ചു. ചിത്രകാരന്‍ പോള്‍ കല്ലാനോട് മുഖ്യാതിഥിയായി. സില്‍വര്‍ ഹില്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ. അഗസ്റ്റ്യന്‍ കെ മാത്യൂ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ആര്‍ട്ടിസ്റ്റുമാരായ കെ സുധീഷ്, ആലിസ് മഹാമുദ്ര, സുചിത്ര ഉല്ലാസ് ആശംസകള്‍ നേര്‍ന്നു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എആര്‍ ദീപ്ത നന്ദി പറഞ്ഞു.