സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സര്‍ക്കാര്‍. ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് നിര്‍ദേശം. ക്രൈം ബ്രാഞ്ച് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇതോടെ അന്വേഷണ സംഘം രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് ക്രൈം ബ്രാഞ്ച് പിന്മാറി . സജി ചെറിയാന്‍ അപ്പീല്‍ പോകും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്നാണ് ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സിപിഎം വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി സജി ചെറിയാന്‍ ഒരിക്കല്‍ രാജിവെച്ചതാണ്. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടിയുള്ളത്. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനിച്ചിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ചെന്ന കേസിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
പൊലീസ് ഒരിക്കല്‍ അന്വേഷിച്ച് മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു.ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് കേസ്. 2022 ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.