കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. രണ്ട് കിലോഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് കവര്‍ന്നതായാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വെച്ചാണ് സംഭവം.
രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നാണ് ബൈജുവിന്റെ പരാതി. സ്വര്‍ണപ്പണി കൂടി ചെയ്യുന്നതിനാല്‍ മറ്റ് പലരുടെയും കൂടി സ്വര്‍ണം തന്റെ കൈവശം ഉണ്ടായിരുന്നതായി ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. റോഡില്‍ തെറിച്ച് വീണ ബൈജുവിന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി സംഘം കടന്ന് കളയുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അപകടത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്. വെളുത്ത സ്വിഫ്റ്റ് കാറില്‍ എത്തിയവരാണ് തന്നെ ഇടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നതെന്ന് ബൈജു പറയുന്നു.
കവര്‍ച്ചാ സംഘത്തെ കണ്ടാല്‍ തിരിച്ചറിയാനാകും. ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യമെന്നും ബൈജു പറഞ്ഞു. ബൈജുവിന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്. മോഷ്ടാക്കളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്ന് ബൈജു കൂട്ടിച്ചേര്‍ത്തു.