കോഴിക്കോട്: 62-ാമത് മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് 30ന് (ശനിയാഴ്ച) ശ്രീ ഭദ്രകാളി ക്ഷേത്ര പരിസരത്ത് നടക്കുമെന്ന് അയ്യപ്പ ഭജന സംഘം മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മറ്റി പ്രസിഡന്റ് എം.പി.പ്രദീപ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1962ലാണ് അയ്യപ്പന്‍ വിളക്കിന് തുടക്കം കുറിച്ചത്. 30ന് കാലത്ത് 6 മണിക്ക് വിളക്കു പന്തലില്‍ അയ്യപ്പ ഭജന സംഘത്തിന്റെ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് കലശം എഴുന്നള്ളിച്ച് എത്തിയാല്‍ 10 മണിയോടെ വിളക്കു പന്തലില്‍ പ്രതിഷ്ഠയും, പൂജകളും ആരംഭിക്കും. വൈകിട്ട് 5.30ന് തളി മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെടും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപീകൃഷ്ണന്‍ എന്ന ആന, ചെണ്ട മേളം, പഞ്ചവാദ്യം, കര്‍പ്പൂരാഴി, 300ലേറെ സ്ത്രീകള്‍ പങ്കെടുക്കുന്ന താലപ്പൊലി, ശരണ കീര്‍ത്തനങ്ങളോടെ പാലക്കൊമ്പ്, പാവമണി റോഡ്, മാനാഞ്ചിറ വഴി രാത്രി 9 മണിക്ക് വിളക്കു പന്തലില്‍ എത്തും. കാവടിയാട്ടം, ഡിജിറ്റല്‍ തെയ്യം എന്നിവയുണ്ടാകും. അന്നദാനം ഒരുക്കിയിരിക്കുന്നത് ശിവപുരി മഹാദേവ ക്ഷേത്ര സന്നിധിയിലാണ്.
വാര്‍ത്താസമ്മേളനത്തില്‍ ജന.സെക്രട്ടറി പി.എസ്.സാജന്‍, ട്രഷറര്‍ കെ.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ആര്‍.ജയന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.