പാന്‍ കാര്‍ഡിലും ക്യൂആര്‍ കോഡ് വരുന്നു; പഴയ പാന്‍ മാറ്റേണ്ടി വരുമോ? അറിയാം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പാന്‍ കാര്‍ഡും ‘സ്മാര്‍ട്ടാക്കാന്‍’ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാങ്കേതികവിദ്യ പരിഷ്കരിച്ച് പുതുക്കി അവതരിപ്പിക്കുന്ന പുതിയ പാന്‍ കാര്‍ഡ് വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയാണ് പുതിയ പാന്‍ അവതരിപ്പിക്കാനിരിക്കുന്നത്. നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.
പാന്‍ 2.0 എന്നത് നിലവിലെ പാന്‍/ടാന്‍ 1.0 ഇക്കോ സിസ്റ്റത്തിന്റെ അപ്ഡേഷന് ആയിരിക്കും. നികുതിദായകര്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത പരിഷ്കാരം ഇത് ഉറപ്പാക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0.
പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയ പുതിയ പാന്‍ കാര്‍ഡ് ആണ് ലഭിക്കുക. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.