കോഴിക്കോട്: സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ കുട്ടികളുടെ ചിത്ര രചനകള്‍ പ്രതീക്ഷാ നിര്‍ഭരമാണെന്ന് പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് പറഞ്ഞു. ദുരന്തം, ആഘോഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചിത്ര രചനയിലൂടെ സമൂഹത്തിന് മുന്‍പിലേക്ക് എത്തിക്കുന്നുണ്ട്. പ്രതീക്ഷയും പ്രത്യാശയുമുള്ള ഭേദപ്പെട്ട ജീവിതമാണ് കുട്ടികള്‍ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാണാതെ പഠിച്ചുവന്ന് സമ്മാനം നേടുക എന്നതിനപ്പുറം മനസ്സില്‍ തോന്നുന്നത് ഇഷ്ടം പോലെ വരയ്ക്കാനുള്ള അവസരമാണ് നല്‍കേണ്ടത്. കോവിഡിന്റെ കാലത്ത് ചിത്രകലാ മേഖലയില്‍ ഉണ്ടായ മാന്ദ്യം ഇപ്പോള്‍ മാറി വരുന്നുണ്ട്.
കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കെ.അശോകന്‍ സ്മാരക ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.പി,യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുത്തത്. കല പ്രസിഡണ്ട് തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ.അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, കെ.സി.സുമേഷ്, എക്‌സക്യൂട്ടീവ് അംഗം ഉമേഷ്. കെ.അശോകന്റെ പുത്രി ഷൈന അശോകന്‍ ആശംസകള്‍ നേര്‍ന്നു. കല ട്രഷറര്‍ കെ.സുബൈര്‍ നന്ദി പറഞ്ഞു. ഡിസംബര്‍ 15ന് കല നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ സമ്മാനദാനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.