നെഹ്റു കുടുംബത്തെ നെഞ്ചേറ്റി വയനാട്
വയനാട്: രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കി പ്രിയങ്കാ ഗാന്ധിയെ വയനാട് നെഞ്ചേറ്റുമ്പോള്‍, ഇത് രാജ്യത്തിനുള്ള ഒരു സന്ദേശമാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് സ്നേഹത്തിന്റെ കട രാജ്യത്ത് തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ പുച്ഛിച്ച് തള്ളിയവര്‍ക്ക് വയനാടന്‍ പാര്‍ലമെന്റ് മണ്ഡലം നല്കിയ കനത്ത പ്രഹരമാണ് പ്രിയങ്കയുടെ ജയം.
വെറുപ്പിന്റെയും, അകല്ച്ചയുടെയും രാഷ്ട്രീയം രാജ്യത്താകമാനം പരത്തി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ മത ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുണ്ടായിട്ടുള്ളത്. കേരളം സാഹോദര്യത്തിന്റെ കളിതൊട്ടിലാണെന്നും, ഇവിടെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്നവരാണെന്നും വോട്ട് രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗീയ കാര്‍ഡ് തങ്ങള്‍ക്കാവശ്യമില്ലെന്നും ഈ ജനവിധിയിലൂടെ ഭാരതത്തിനുള്ള സന്ദേശമാണ് ലഭിക്കുന്നത്.
ബിജെപിയുടെ പ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്നും ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ പ്രചരണങ്ങളാണ് ബിജെപി ഇവിടെ നടത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം വയനാട്ടിലുണ്ടായിട്ടും, അവിടെ സന്ദര്‍ശിച്ച പ്രധാനമന്ത്രി കേരളത്തിനാവശ്യമായ ദുരിതാശ്വാസ പാക്കേജ് നല്‍കാതെ വഞ്ചിച്ചതിനുള്ള മറുപടിയും പ്രിയങ്കയുടെ വിജയത്തിലുണ്ട്.
രാജ്യത്ത് മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വര്‍ഗ്ഗീയ കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയുള്ളതും ഇടതു മുന്നണിക്കുള്ള തിരിച്ചടിയും ഈ ജനവിധിയിലടങ്ങിയിരിക്കുന്നു. മോദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനുള്ള എല്‍ഡിഎഫിന്റെ നീക്കവും പരാജയപ്പെട്ടതാണ് പ്രിയങ്കയുടെ വിജയം. ബിജെപിക്കെതിരെയുള്ള സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം ആത്മാര്ത്ഥയുള്ളതായിരുന്നെങ്കില് സത്യന് മൊകേരിയെ മത്സരിപ്പിക്കാതെ എല്‍ഡിഎഫ് പ്രിയങ്കയെ പിന്തുണക്കണമായിരുന്നു.
തൃശൂര്‍ പൂരമടക്കമുള്ള നമ്മുടെ നാടിന്റെ അഭിമാനകരമായ ആഘോഷങ്ങളിലടക്കം നുഴഞ്ഞു കയറിയാണ് തൃശൂരില്‍ സുരേഷ്ഗോപി ജയിച്ചത്. അവിടെയും ബിജെപിയെ ചെറുക്കാന്‍ യോജിച്ച ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ നിന്ന് ബിജെപി എം.പി ഉണ്ടാകുമായിരുന്നില്ല. തൃശൂരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടടക്കം വാങ്ങി ജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിന് ശേഷം നടത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് യോജിച്ചതല്ല.
കര്‍ഷകരും, തോട്ടം തൊഴിലാളികളും, കൂലിവേലക്കാരും തിങ്ങിപ്പാര്‍ക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് നാട്ടിലെ സമാധാനമാണ്.അതുകൊണ്ട് തന്നെ രാഹുല്‍ഗാന്ധിക്ക് ശേഷം അവര്‍ പ്രിയങ്കയേയും വിജയരഥത്തിലേറ്റുന്നത്. രാജ്യത്തിന്റെ ഐക്യം മതസൗഹാര്‍ദ്ദം, സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ളതാണ് വയനാട് പാര്ലമെന്ര് മണ്ഡലത്തില്‍ നിന്ന് ജനങ്ങള്‍ പ്രിയങ്കക്ക് നല്കിയ വിജയ കിരീടത്തിലൂടെ അടിവരയിടുന്നത്.
വിജയ കിരീടമണിഞ്ഞ് പ്രിയങ്ക