നിലംതൊടാതെ രമ്യ; പാട്ടും പാടി പ്രദീപിന്റെ മുന്നേറ്റം
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിര്‍ത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല. ചേലക്കരയിലെ ജനങ്ങള്‍ ഒരിക്കലും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നാണ് യു ആര് പ്രദീപിന്റെ ആദ്യ പ്രതികരണം. ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.