കോഴിക്കോട്: വയോജന സംഘടനയായ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (SCFWA) 19-ാം സംസ്ഥാന കണ്വെന്ഷന് 25,26 തിയതികളില്‍ കോഴിക്കോട് നടക്കും.
വിവിധ ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും സമ്മേളനത്തോടനുബന്ധിച്ച് ടാഗോര്‍ ഹാളില്‍ 25ന് രാവിലെ 10 മണിക്ക് വയോജന സൗഹൃദ കേരളം സെമിനാര്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വി.എ.എന്‍.നമ്പൂതിരി അധ്യക്ഷത വഹിക്കും. മേയര്‍ ബീന ഫിലിപ്പ് സുവനീര്‍ പ്രകാശനം ചെയ്യും. സുവനീര്‍ കമ്മറ്റി ചെയര്മാന് പി.ദിവാകരന്, സാമൂഹ്യ നീതി വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ .കെ.കെ.മണി,സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ജന.സെക്രട്ടറി അമരവിള രാമകൃഷ്ണന്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഉമേഷ്.എ, പി.രമ എന്നിവര്‍ സംസാരിക്കും.
26ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം നിര്‍വ്വഹിക്കും.സ്വാഗത സംഘം ചെയര്മാന് സി.പി.മുസാഫിര്‍ അഹമ്മദ് സ്വാഗതവും ജന.സെക്രട്ടറി കെ.കെ.സി.പിള്ള നന്ദിയും പറയും.
60 ലക്ഷത്തിലേറെ വരുന്ന കേരളത്തിലെ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ നിരന്തരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ സംഘടന നടത്തിവരുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് സമൂഹത്തില്‍ തുല്യത, അവരുടെ ആരോഗ്യം, ചികിത്സ, സുരക്ഷ, സംരക്ഷണം തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്നതിന് കഴിഞ്ഞ 18 വര്‍ഷമായി അസോസിയേഷന് ഒട്ടേറെ പ്രവര്‍ത്തനങ്ങളും സമരങ്ങളും നടത്തിയതിന്റെ ഫലമായി നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. കേന്ദ്ര വയോജന പെന്ഷന് 200 രൂപയില്‍ നിന്നും 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, കോവിഡ് മഹാമാരി കാലത്ത് പിന്‍വലിച്ച വയോജനങ്ങളുടെ റെയില്‍വേ ടിക്കറ്റ് കണ്സഷന് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഒട്ടേറെ നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ്.
വയോജന വകുപ്പും വയോജന കമ്മീഷനും രൂപീകരിക്കുക, വയോജന പെന്ഷന് 1600 രൂപയില്‍ നിന്നും ഈ മന്ത്രിസഭാ കാലത്ത് തന്നെ 2500 രൂപയാക്കി ഉയര്‍ത്തുകയും മാസാമാസം കൃത്യമായി നല്‍കുകയും ചെയ്യുക, കേരളം വയോജന സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുക, വയോമിത്രം തുടങ്ങിയ വയോജനങ്ങള്‍ക്കായുള്ള വിവിധ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുക, ഒറ്റപ്പെട്ട വയോജനങ്ങള്‍ക്കായി വൃദ്ധ സദനങ്ങള്‍, പകല്‍ വീടുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വി.എ.എന്‍.നമ്പൂതിരി,കെ.കെ.സി.പിള്ള പങ്കെടുത്തു.