‘ലാന്‍ഡ് ഓഫ് ലെജന്റ്‌സ്’ ഈ രാജ്യത്തിന്റെ ടൂറിസം മുഖച്ഛായ മാറ്റും; ചെലവ് 1000 കോടിയിലേറെ റിയാല്‍
ദോഹ: ടൂറിസം മേഖലയില്‍ ഖത്തറിന്റെ മുഖച്ഛായ മാറ്റുന്ന ‘ലാന്‍ഡ് ഓഫ് ലെജന്റ്‌സ്’ പദ്ധതിയ്ക്ക് തറക്കല്ലിട്ടു. 1000 കോടിയിലേറെ ഖത്തര്‍ റിയാലാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ കിഴക്കന്‍ തീരത്ത് നേരത്തെ പ്രഖ്യാപിച്ച സിമെയ്‌സിമ പ്രൊജക്ടിന്റെ ഭാഗമായാണ് ലാന്‍ഡ് ഓഫ് ലെജന്റ് സ് ടൂറിസം പദ്ധതി വരുന്നത്. ആറര ലക്ഷം ചതുരശ്ര മീറ്ററാണ് വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ വിസ്തീര്‍ണം.
എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനുള്ള വിഭവങ്ങള്‍ ഇവിടെയുണ്ടാകും. കിങ്ഡം ഹോട്ടല്‍, മ്യൂസിക് ഹോട്ടല്‍ എന്നിവയിലായി ആയിരം റൂമുകളുണ്ടാകും. സാഹസിക അനുഭവങ്ങളൊരുക്കാന്‍ 80 മീറ്റര്‍ ഉയരമുള്ള മൌണ്ടൈന്‍, മേഖലയിലെ ആദ്യത്തെ മൂവിങ് തിയറ്റര്‍, എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇബ്‌നു ബതൂതയുടെ സാഹസിക യാത്രകളെ ആസ്പദമായിക്ക് ഏഴ് തീമുകളിലായാണ്തീം പാര്‍ക്ക് ക്രമീകരിക്കുന്നത്.
മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നാകും ഇത്. രണ്ട് ലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെയെത്തുമെന്നാണ് കണക്കാക്കുന്നത്. പ്രമുഖ ഖത്തരി റിയല്‍ എസ്റ്റേറ്റ്കമ്പനിയായ ഖത്തരി ദിയാറാണ് സിമെയ്‌സിമ പദ്ധതി നടപ്പാക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി പദ്ധതിക്ക് തറക്കല്ലിട്ടു. സിമെയ്‌സിമ ബീച്ചില്‍ നേരത്തെ പ്രഖ്യാപിച്ച ടൂറിസം സിറ്റിയുടെ ഭാഗമാണ് ലാന്‍ഡ് ഓഫ് ലെജന്ഡ്‌സ്, 8 ലക്ഷം ചതുരശ്ര മീറ്ററില്‍ 2000 കോടിയിലേറെ ഖത്തര്‍ റിയാലാണ് സിമെയ്‌സിമ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.