മലേഷ്യയില്‍ 50 ഓളം സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി
ക്വാലാലംപൂര്‍: ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്രായേലിന് കൂട്ടുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ബഹിഷ്‌കരണത്തില്‍ പൊള്ളിയ സ്റ്റാര്‍ബക്‌സിന് വീണ്ടും തിരിച്ചടി. മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍.
മലേഷ്യന്‍ വാര്‍ത്താമാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സ്റ്റാര്‍ബക്‌സിന് രാജ്യത്തുള്ള 408 ഔട്ട്‌ലെറ്റുകളില്‍ 50 എണ്ണമാണ് അടച്ചത്. കഴിഞ്ഞവര്‍ഷം മലേഷ്യക്കാര്‍ നടത്തിയ ബഹിഷ്‌കരണമാണ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ കാരണമാണെന്ന് സമ്മതിക്കാന്‍ കമ്പനി തയ്യാറായില്ലെങ്കിലും ഗസ-ഇസ്രായേല്‍ യുദ്ധമാണ് കാരണമെന്ന് സമ്മതിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്ത് അവസാനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി പരാമര്‍ശമുള്ളത്. ത്രൈമാസ റിപ്പോര്‍ട്ടില്‍ 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്.
വന്‍സാമ്പത്തിക നഷ്ടമുണ്ടാകാന്‍ കാരണമായതിന് പിന്നില്‍ മിഡില്‍ഈസ്റ്റ് സംഘര്‍ഷവുമായി ബന്ധമുണ്ട്. എന്നാലും വളരെ കുറച്ച് സ്റ്റോറുകള്‍ താല്‍ക്കാലികമായി അടക്കേണ്ടിവന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ല, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമാണിത്. അടച്ചുപൂട്ടലുകള്‍ ഒരു ജീവനക്കാരെയും ബാധിച്ചിട്ടില്ല. അവരെ മറ്റ് സ്റ്റോറുകളിലേക്ക് പുനര്‍നിയമിച്ചിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.