വയനാട് ദുരന്തത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട്; സിപിഐ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

വയനാട് ദുരന്തത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട്; സിപിഐ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

വയനാട് ദുരന്തത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട്; സിപിഐ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

 

കോഴിക്കോട്: വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഉജ്ജ്വല ബഹുജന മാര്‍ച്ച്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന നമ്മുടെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണപരാമായ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ നിന്നും കേന്ദ്രം പിറകോട്ടുപോവുകയാണ്. വയനാട് ദുരന്തത്തിനുശേഷം പ്രകൃതി ദുരന്തം നേരിട്ട ബീഹാറിനും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമെല്ലാം മുന്‍കാറായി സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇവിടങ്ങളിലുള്ള എംപിമാര്‍ കേന്ദ്രഭരണകൂടത്തെ പിന്തുണയ്ക്കുന്നു എന്ന കാരണത്താലാണ് മോഡി സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍ താരതമ്യേന വലിയ ദുരന്തം നേരിട്ട വയനാടിനെ പാടെ അവഗണിച്ചു. ഒരു പ്രദേശം ഒന്നാകെ മണ്ണിനടിയിലായ മഹാദുരന്തമുണ്ടായിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ദുന്തത്തെത്തുടര്‍ന്ന് വയനാട്ടിലെത്തിയ പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ ആശ്വാസം പ്രതീക്ഷിച്ചു. ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രിക്കു മനസ്സിലായെന്ന് നാം കരുതി. എന്നാല്‍ സംസ്ഥാനത്തിന് സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കുന്നകാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. വയനാട് ദുന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഒരക്ഷരം മിണ്ടാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ വൈകാതെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകതന്നെയാണ്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് പണം നല്‍കുന്നത് പാര്‍ലമെന്റാണ്. അത് ജനങ്ങളുടെ നികുതിപ്പണമാണ്. ആ പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്. കോഴിക്കോട് വിലങ്ങാടുണ്ടായ ദുരന്തത്തിലും വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിട്ടിട്ടുള്ളത്. ഇവിടേയും കോടിക്കണക്കിനു രൂപയുടെ കൃഷിനാശം നേരിട്ടു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സിപിഐ നേതൃത്വം നല്‍കുെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയന്‍ എംഎല്‍എ, ടി കെ രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ് സ്വാഗതവും പി കെ നാസര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍ ശശി , പി സുരേഷ് ബാബു , പി കെ കണ്ണന്‍ , രജീന്ദ്രന്‍ കപ്പള്ളി , ചൂലൂര്‍ നാരായണന്‍ ,ആര്‍ സത്യന്‍, ഇ സി സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *