കോഴിക്കോട്: സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പരിഹാരമുണ്ടാക്കുകയും കെട്ടിട ഉടമകളുടെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷനെന്ന സംഘടന രൂപീകരിച്ച് പ്രവത്തനമാരംഭിച്ചതായി പ്രസിഡണ്ട് നജീബ് എം.എംഉം, ജന.സെക്രട്ടറി മുഹമ്മദലി.എ.കെ.യും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെട്ടിട ഉടമകള്‍ നിരവധി പ്രതിസന്ധികളെയാണ് നേരിടുന്നത്. ഭാരിച്ച മുതല്‍ മുടക്കില്‍ കെട്ടിടം പണിത് അവ വില്‍പ്പനയ്ക്കോ വാടകയ്ക്കോ കൊടുക്കാനാവാത്ത തരത്തില്‍ ഈ രംഗത്ത് മാന്ദ്യം സംഭവിച്ചിരിക്കുകയാണ്. വലിയ ലോണുകളെടുത്ത് കെട്ടിടം പൂര്‍ത്തിയാക്കുന്ന ഉടമകളുടെ പ്രതീക്ഷ വാടകയോ വില്‍പ്പനയോ വഴി ലഭിക്കുന്ന തുക ഭീമമായ പലിശയിലും ലോണിലും അടച്ചു തീര്‍ക്കേണ്ടി വരികയാണ്. ഭൂമി ഇനത്തില്‍ വരുന്ന രജിസ്റ്റര്‍ ഫീസ്, ലൈസന്‍സ് ഫീസ്, നിര്മ്മാണ് സാമഗ്രികള്‍ക്ക് വരുന്ന 18 മുതല്‍ 28% വരെയുള്ള ജിഎസ്ടി ഉള്‍പ്പെടെ നിരവധി ചിലവുകള്‍ നല്‍കിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ലൈസന്‍സ് തടയലും അനധികൃത നിര്‍മ്മാണം ആരോപിച്ച് ബുദ്ധിമുട്ടിക്കുകയാണ്. കെട്ടിട നികുതിയുടെ വാര്‍ഷിക വര്‍ദ്ധനവ് 5%മാനമെന്നത് 5 വര്‍ഷത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവണം. കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന കരി നിയമമായ വണ്‍ടൈം ടാക്സ്(റവന്യു) പിന്‍വലിക്കണം. ലേബര്‍ സെസ്സ് ആനുപാതികമായി പരിഷ്ക്കരിക്കണം. കെട്ടിടങ്ങളുടെ വഴി തടസപ്പെടുത്തി ഇരുമ്പ് വേലി കെട്ടുന്നത് ഒഴിവാക്കണം. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന കൊമേഴ്സ്യല്‍ ബില്‍ഡിംഗ് മേഖലയെ കൃത്യമായി പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ സര്‍ക്കാരിന് ഏറ്റവും മികച്ച ഒരു വരുമാന മാര്‍ഗ്ഗമായി ഇത് മാറും. കേരളത്തിലെ അശാസ്ത്രീയമായ നികുതികളും മറ്റ് പ്രയാസങ്ങളും കാരണം പ്രവാസികളടക്കമുള്ളവര്‍ ബില്‍ഡിംഗ് നിര്‍മ്മാണം ബാംഗ്ലൂരിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ നിലവിലുള്ള ബില്‍ഡിംഗ് ഉടമകള്‍ പോലും മറ്റ് സാധ്യതകള്‍ തേടിപ്പോകും. പല ബില്‍ഡിംഗുകളും വാടകക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. 30% ഇന്‍കംടാക്സ്, സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള ചിലവുകള്‍ സഹിച്ചാണ് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്. ഈ വിഷയങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംസ്ഥാന വ്യാപകമായി എല്ലാ ബില്‍ഡിംഗ് ഉടമകളെയും സംഘടിപ്പിച്ച് സംഘടന മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ സംസ്ഥാന സമ്മേളനം ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് നസീര്‍ ഹുസൈന്.ടി.പി, അബ്ദുള്ളക്കോയ.കെ, സെക്രട്ടറി ഷൗക്കത്ത്.കെ, ട്രഷറര്‍ സെയ്തലവി ഹാജി എന്നിവര്‍ പങ്കെടുത്തു.