‘ഭരണഘടന, കുന്തം, കുടച്ചക്രം’: സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസ് റിപ്പോര്‍ട്ട് തളളിയ കോടതി പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്‌ട്രേറ്റ് ഉത്തരവും റദ്ദാക്കി. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു.
ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നു വരുന്നത്’ സജി ചെറിയാന്‍ പറഞ്ഞു.
വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടിയിരുന്നു. പരാമര്‍ശം വിവാദമായതോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. എന്നാല്‍ ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞത്.