തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അടുത്ത വര്‍ഷമാണ് മത്സരം നടക്കുക. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
സ്പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ഒന്നര മാസത്തിനകം അര്‍ജന്റീന പ്രതിനിധികള്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും മത്സരം. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അര്‍ജന്റീന ടീം ആണ് തീയതി ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തില്‍ എവിടെയെന്ന് അവര്‍ പരിശോധിക്കട്ടെ. 50,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താന്‍. രണ്ട് മത്സരങ്ങള്‍ കളിക്കും എന്നാണ് ടീം അറിയിച്ചത്. കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.