കോഴിക്കോട്: മുനമ്പം വിഷയത്തെ ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന
പ്രസിഡണ്ട് പ്രൊഫ.പി.അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ തന്നെ വിധിച്ചിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ വഖഫ് നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട കുടുംബങ്ങളെ മറയാക്കി വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോം സ്റ്റേ ഉടമകളും നടത്തിയ കൈയ്യേറ്റം അംഗീകരിക്കാനാവില്ല. വഖഫ് ഭൂമി, ഫാറൂഖ് കോളേജ് മറിച്ച് വിറ്റിട്ടുണ്ടെങ്കില്‍ അതും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണം. മുനമ്പത്തെ മറയാക്കി വഖഫിനെതിരെ ആസൂത്രിതവും, വ്യാപകവുമായ കുപ്രചരണങ്ങള്‍ നടക്കുകയാണ്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കിരാതം എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രചാരണങ്ങളെ തുറന്ന് കാണിക്കാന്‍ നാഷണല്‍ ലീഗ് വിപുലമായ ക്യാമ്പയിന് നടത്തും. വഖഫ് മീറ്റുകള്‍, സെമിനാറുകള്‍, ടേബിള്‍ ടോക്ക്, സൗഹാര്‍ദ്ദ കൂട്ടായ്മകള്‍, ലഘുലേഖ വിതരണം, പദയാത്രകള്‍ എന്നിവ സംഘടിപ്പിക്കും. 22ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുതലക്കുളത്ത് നടക്കുന്ന വഖഫ് സമ്മിറ്റ് ക്യാമ്പ് സമസ്ത സെക്രട്ടറി മുക്കം ഉമ്മര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പിടിഎ റഹീം എം.എല്‍.എ, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ്,
അലിയാര് ഖാസിമി, ഡോ.ഹുസൈന് മടവൂര്‍, ഡോ.ഐ.പി.അബ്ദുസ്സലാം, ഒ.അബ്ദുറഹിമാന്, കെ.എസ്.ഹരിഹരന്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, മുസ്തഫ മുണ്ടുപാറ, മുസ്തഫ എറക്കല്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സാലിഹ് ശിഹാബ് തങ്ങള്‍, എന്‍.കെ.അബ്ദുല്‍ അസീസ്, ഒ.പി.റഷീദ്,സി.പി.നാസര്‍ കോയ തങ്ങള്‍, ബഷീര്‍ ബടേരി എന്നിവരും പങ്കെടുത്തു.