കോഴിക്കോട്: പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റി ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് സെമിനാര്‍ 21ന് (വ്യാഴം) ഉച്ചക്ക് 12.30ന് സരോജ് ഭവനില്‍ നടക്കുമെന്ന് പുനര്‍ജ്ജനി ഫൗണ്ടര്‍ ആന്റ് പ്രസിഡന്റ് സിസിലി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സില്‍ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് എല്‍ഐസിയും, ജിഐസിയും ഇത്തരം സ്കീമുകള്‍ നടപ്പാക്കുന്നത്. ഇതിലൂടെ ഇവരുടെ സാമ്പത്തിക പുരോഗതിയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കാനാവും. 2024 മുതല്‍ സമൂഹത്തില്‍ ട്രാന്സ്ജെന്ഡേഴ്സിനോടുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. അത് ആശാവഹമാണ്. പ്രായമായ ട്രാന്‍സ്ജെന്‍ഡേഴ്സിനായി കോഴിക്കോട്ട് ഒരു വൃദ്ധ സദനം തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാവൂര്‍ റോഡില്‍വെച്ച് മരണപ്പെട്ട ശാലുവിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്താന്‍ ലോക്കല്‍ പോലീസിനോ, ക്രൈംബ്രാഞ്ചിനോ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സിസിലി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. സെമിനാര്‍ എല്‍ഐസി മാനേജ്മെന്റ് അബ്ദുല്‍ നഹാസ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി ബീന.പി.എം, കൗണ്‍സില്‍ അംഗം ഗോവിന്ദ് മേനോന് എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദീപറാണി, ഷെറിന് ആഷ്മി എന്നിവരും പങ്കെടുത്തു.