സരിനായി പരസ്യം നല്‍കിയത് അനുമതി വാങ്ങാതെ; നോട്ടീസ് അയക്കും
പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിനായി പത്രപരസ്യം നല്‍കിയത് അനുമതി വാങ്ങാതെ. സന്ദീപ് വാര്യരുടെ പഴയ പരാമര്‍ശങ്ങള്‍ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വിഷയത്തില്‍ സരിനും ചീഫ് ഇലക്ഷന് ഏജന്റിനും കലക്ടര്‍ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നല്കുന്ന പരസ്യത്തിന് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
സരിന്റെ കോണ്‍ഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം, പരസ്യത്തിന്റെ ഡിസൈനടക്കം നല്‍കിയാണ് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒരു മാധ്യമപ്രവര്ത്തകന്, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നിവരാണ് കമ്മിറ്റിയിലുണ്ടാവുക. ഈ കമ്മിറ്റിയുടെ അനുമതി പോലും തേടാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ സ്ഥാനാര്‍ഥിയടക്കം നടപടി നേരിടേണ്ടി വരും. സരിന് ജയിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാം. തുടര്‍നടപടിയായി അയോഗ്യത പോലും നേരിടേണ്ടിയും വന്നേക്കാം.
രണ്ട് പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കിയത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരസ്യം നല്കി എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.