ന്യൂഡല്‍ഹി: സഭാസ്വത്ത് നിയന്ത്രിക്കാന്‍ നിലവില്‍ തന്നെ നിയമങ്ങളുണ്ടെന്നും മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്നും ക്രിസ്ത്യന്‍ സംഘടനകള്‍. വഖഫ് ബോര്‍ഡ് മാതൃകയിലുള്ള സമിതികള്‍ രൂപീകരിക്കണമെന്ന കോടതി നിര്‍ദേശത്തില്‍ പ്രതികരിക്കുകയായിരുന്നു ക്രിസ്ത്യന്‍ സംഘടനകള്‍. നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയും(എന്‍സിസിഐ) കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും(സിബിസിഐ) ആണ് ഇതിനെതിരെ രംഗത്തെത്തിയത്.
ഹിന്ദു- മുസ്ലിം ധര്‍മസ്വത്തുക്കള്‍ നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ക്രിസ്ത്യാനികള്‍ക്ക് അത്തരം ദാനങ്ങള്‍ക്ക് ആ രീതിയിലുള്ള സമഗ്രമായ ഒരു നിയന്ത്രണവും നിലവിലില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡിലെ 92-ാം വകുപ്പിനു കീഴിലുള്ള നടപടിക്രമം വഴി മാത്രമാണ് നിലവില്‍ ഇവയുടെ മേല്‍നോട്ടവും നിരീക്ഷണവും നടക്കുന്നത്. ഈ സ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍, ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിഷയം ആലോചിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും തമിഴ്നാട് സര്‍ക്കാരിനോടും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ ഈ നിര്‍ദ്ദേശത്തെയാണ് ക്രിസ്ത്യന്‍ സംഘടനകള്‍ എതിര്‍ക്കുന്നത്. സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ്സ് ആക്ട്, കമ്പനീസ് ആക്ട് എന്നിവയ്ക്കു പുറമെ ചാരിറ്റി കമ്മിഷനു കീഴിലും സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് എന്‍സിസിഐ ഭാരവാഹി അസീര്‍ എബെനെസര്‍ പറഞ്ഞു. ക്രിസ്ത്യന്‍ സ്വത്തുക്കളെ നിയന്ത്രിക്കാന്‍ നിലവില്‍ തന്നെ നിയമങ്ങളുണ്ടെന്നും ഇനി പുതിയൊരു സമിതിയുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. കോടതി വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അസീര്‍.
ഇനിയുമൊരു സമിതി വരുന്നത് തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കുന്നതാകുമെന്നും അസീര്‍ എബെനെസര്‍ പറഞ്ഞു. കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള എല്ലാ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്തവയാണെന്നും കൃത്യമായ രേഖകളുണ്ടെന്നും സിബിസിഐ വൃത്തം റോബിന്‍സന്‍ റോഡ്രിഗസും പ്രതികരിച്ചു.രാജ്യത്തെ പ്രധാന ക്രിസ്ത്യന്‍ സമിതികളാണ് എന്‍സിസിഐയും സിബിസിഐയും. രാജ്യത്തെ 90 ശതമാനം സഭാ സ്വത്തുക്കളും ഈ രണ്ട് സമിതികള്‍ക്കും കീഴിലാണുള്ളത്.സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അനുവദിക്കുന്നുണ്ടെന്നും എന്‍സിസിഐ ചൂണ്ടിക്കാട്ടി.
സഭാസ്വത്തിന് മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്ന്
ക്രിസ്ത്യന്‍ സംഘടനകള്‍