കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിനെ കേന്ദ്രം അവഗണിക്കുന്നു എന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വയനാട്ടില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. വയനാട് ചുരത്തിലും കര്‍ണാടകയോട് ചേര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലുമാണ് രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്.
വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ഫണ്ട് നല്‍കാത്ത കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരന്നു. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.