‘പ്രകൃതിയുടെ കാവലാള്‍’ പുരസ്‌കാരം വടയക്കണ്ടി നാരായണന്

‘പ്രകൃതിയുടെ കാവലാള്‍’ പുരസ്‌കാരം വടയക്കണ്ടി നാരായണന്

കോഴിക്കോട്: ബാംഗ്ലൂരിലെ ‘പീപ്പിള്‍സ് പ്ലാനറ്റ്’ സംഘടനയുടെ സമഗ്ര സംഭാവനയ്ക്കുള്ള ‘പ്രകൃതിയുടെ കാവലാള്‍’ പുരസ്‌കാരം വടയക്കണ്ടി നാരായണന്. പരിസ്ഥിതി വിദ്യാഭ്യാസം, മില്ലറ്റ് പ്രചാരണം, സാഹിത്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സേവനം, സ്‌കൂള്‍ കലാമേളകളിലെ വ്യത്യസ്തമായ അനൗണ്‍സ്‌മെന്റ്, മീഡിയ പ്രവര്‍ത്തനം, അധ്യാപനം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എയും ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ എന്‍ എ ഹാരിസ് പുരസ്‌കാരം നല്‍കി. ‘ബാംഗ്ലൂരിനെ തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യവുമായി ഒരു മില്യണ്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പീപ്പിള്‍സ് പ്ലാനറ്റിന്റെ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാനം നടത്തിയത്. അമിത്ത് ഹെഗ്‌ഡെ അധ്യക്ഷനായി. പ്രോജക്ട് ഹെഡ് ജയനി ബെന്‍ ഹെയിം, സിനിമാ നടന്‍ ശ്രേയസ്, ആസിഫ് ബെയ്ഗ്, റിയ വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനുള്ള പുരസ്‌കാരമായതിനാല്‍ മിനുസപ്പെടാത്ത കരിങ്കല്ലില്‍ ഉറപ്പിച്ച മെമെന്റോ ആണ് നല്‍കിയത്.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹയര്‍സെക്കന്‍ഡറി അധ്യാപകനായി വിരമിച്ച നാരായണന്‍ പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1998 ല്‍ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുകള്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന സഹായധനം ഉപയോഗപ്പെടുത്തി, ചെരണ്ടത്തൂര്‍ എസ് ബി ഐ ശാഖയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കി. ‘സേവ്’ എന്ന പേരില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ കോഡിനേറ്റര്‍ എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ജില്ലാ പഞ്ചായത്തിന്റെ ജൈവവൈവിധ്യ സമിതി കണ്‍വീനര്‍ എന്ന നിലയിലും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ‘ഹരിത ഭവനം’ പോലെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
മില്ലറ്റ് പ്രചാരണത്തിനായി ബോധവല്‍ക്കരണ ക്ലാസുകള്‍, സമ്മേളനങ്ങള്‍, ഗ്രന്ഥരചന, ഗാനരചന തുടങ്ങിയവ നടത്തി.
സംസ്ഥാന കലോത്സവം ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കലോത്സവങ്ങളില്‍ മലയാളം വാക്കുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് ശ്രദ്ധേയമായി.
മാധ്യമപ്രവര്‍ത്തകന്‍, മികച്ച സംഘാടകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരള സര്‍ക്കാരിന്റെ ‘വനമിത്ര പുരസ്‌കാരം’, ‘ദേശീയ ടീച്ചര്‍ ഇന്നവേഷന്‍ പുരസ്‌കാരം’ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

 

 

 

‘പ്രകൃതിയുടെ കാവലാള്‍’ പുരസ്‌കാരം വടയക്കണ്ടി നാരായണന്

Share

Leave a Reply

Your email address will not be published. Required fields are marked *