ന്യൂഡല്‍ഹി: കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ കൂതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വിവിധ സേനകളില്‍ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. കലാപം ഏറ്റവും കൂടുതല്‍ പടര്‍ന്ന ജിരിബാം ജില്ലയില്‍ സിആര്‍പിഎഫിന്റെ 15 കമ്പനി ജവാന്മാരെയും ബിഎസ്എഫിന്റെ 5 കമ്പനി സൈനികരെയും കൂടി അയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
50 കമ്പനി ജവാന്മാരെയാണ് പുതുതായി സംസ്ഥാനത്താകെ വിന്യസിക്കുക. ഇതില്‍ സിആര്‍പിഎഫില്‍നിന്ന് 35 കമ്പനിയും ബാക്കിയുള്ളവര്‍ ബിഎസ്എഫില്‍ നിന്നും എത്തും. മണിപ്പുരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം ആരംഭിച്ചു.
ജിരിബാമിലെയും മണിപ്പുരിലെയും സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് മണിപ്പുര്‍ ബിജെപിയില്‍നിന്ന് 8 നേതാക്കള്‍ രാജിവച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ബിജെപി ഒന്നും ചെയ്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.