കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന കൗമാര കലോത്സവമായ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.വിതരണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി
. നിസാറിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മീഡിയ കമ്മറ്റി കണ്‍വീനര്‍ പി കെ .അബ്ദുല്‍ സത്താര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി പി എം, വിനോദ് മേക്കോത്ത്, സുജിത്ത് സി ആര്‍, സഫറുള്ള .പി, ഇസ്ഹാഖ്,വിവിധ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു
നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായിട്ടാണ് കലോത്സവം നടക്കുക. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. നവംബര്‍ 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്,എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്‌കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും.
മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാനം നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാവും. മേയര്‍ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, പി.ടി ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടുകാരായ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്.