ഇംഫാല്‍: കത്തുന്ന മണിപ്പുരില്‍ രക്ഷയില്ലാതെ ഭരണകൂടം.കലാപം തുടരുന്ന മണിപ്പുരില്‍, ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെും ആക്രമണം തുടരുന്നു. ഒന്‍പത് ബി.ജെ.പി എം.എല്‍.എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്‌വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് പറഞ്ഞു.
ജിരിബാമില്‍നിന്ന് സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുര്‍ സംഘര്‍ഷഭരിതമായത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം. ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും.ദുരിതാശ്വാസക്യാമ്പില്‍നിന്ന് സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കലാപം രൂക്ഷമായ മണിപ്പൂരില്‍ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. സമാധാനം പുന:സ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമിത്ഷാ ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ കൂടുതല്‍ കേന്ദ്ര സേനയെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുണ്ട്.
വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കത്തുന്ന മണിപ്പുര്‍ രക്ഷയില്ലാതെ ഭരണകൂടം