തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം കേരളത്തിന് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ പോലെ 2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കൈമാറിയ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്റെ പ്രതിനിധി കെ വി തോമസിന് നല്‍കിയ കത്തില്‍ പറയുന്നത്. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ലെവല്‍ 3യില്‍ അത്യന്തം വിനാശകരമായ ദുരന്തങ്ങളുടെ വിഭാഗത്തില്‍ വയനാടിനെ ഇതുവരെ ഉള്‍പ്പെടുത്താത്തതും ഫണ്ട് ലഭ്യതയില്‍ അനിശ്ചിതത്വത്തിന് കാരണമാണ്.
കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, തന്നില്ലെങ്കില്‍ പിടിച്ചുവാങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ കേന്ദ്രത്തിന്റെ അവഗണനയെ സിപിഎം പഴിക്കുന്നു. സംസ്ഥാനം പദ്ധതി സമര്‍പ്പിക്കാത്തതാണ് ഫണ്ട് കിട്ടാത്തതിന് കാരണമായി ബിജെപി പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റേത് വിചിത്ര വാദമെന്നാണ് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചത്. എസ്ഡിആര്‍എഫ് ഫണ്ടുപയോഗിച്ച് ഒരു വീട് വെക്കാന്‍ നല്‍കാവുന്ന പരമാവധി തുക ഒന്നര ലക്ഷമാണ്. അത്തരത്തില്‍ പല നിബന്ധനകളും എസ്ഡിആര്‍എഫ് ചട്ടത്തിലുണ്ട്. ആ ഫണ്ട് ഉപയോഗിച്ച് വയനാട്ടില്‍ പുനരധിവാസം സാധ്യമല്ല. കേന്ദ്രത്തിന്റെ ഈ വാദം സംസ്ഥാനത്തിനെ അപഹസിക്കുന്നതാണ്. അത്യന്തം വിനാശകരമായ ദുരന്തമായി വിലയിരുത്തുന്നതിന് മന്ത്രിതല സമിതിയുടെ സന്ദര്‍ശനം അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ കാലതാമസം തുടരുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര അവഗണയ്‌ക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. പ്രധാനമന്ത്രി സന്ദര്‍ശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റേത് ശത്രുതാപരമായ സമീപനമാണെന്ന് വിമര്‍ശിച്ച സിപിഎം എംപി എഎ റഹീം പാര്‍ലമെന്റ് സമ്മേളനത്തില്‍ ശക്തമായി വിഷയം ഉന്നയിക്കുമെന്നും വ്യക്തമാക്കി. സ
എന്നാല്‍ കേരളം വ്യക്തമായ പദ്ധതി സമര്‍പ്പിക്കാത്തതിനാലാണ് വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതെന്നാണ് ബിജെപി നേതാവ് വി മുരളീധരന്‍ പറയുന്നത്. ഊഹക്കണക്കുകള്‍ വച്ച് കേന്ദ്രത്തിനു പണം നല്‍കാനാവില്ല. ബിഹാറും ആന്ധ്രയും ചെയ്തത് പോലെ പ്രത്യേക പദ്ധതികള്‍ തയാറാക്കി നല്‍കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു മുരളീധരന്‍ മുംബൈയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ വിഷയത്തില്‍ രംഗത്ത് വന്നത്.
വയനാട് ദുരന്തം; കേന്ദ്ര നിലപാടില്‍
എതിര്‍ത്ത് സിപിഎമ്മും കേണ്‍ഗ്രസ്സും