ദില്ലി:അന്തരീക്ഷ മലിനീകരണം നിയന്ത്രണാതീതമായതോടെ കടുത്ത നടപടിയുമായി ദില്ലി സര്‍ക്കാര്‍.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം വായു ഗുണനിലവാര സൂചിക 409ല്‍ എത്തി. നഗരം മുഴുവന്‍ പുക മൂടിയ നിലയിലാണ്.അനിവാര്യമല്ലാത്ത എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്‍കി. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കും.
മലിനീകരണം രൂക്ഷമായതിനാല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനും നിര്‍ദേശിച്ചു. പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കല്‍ യന്ത്രങ്ങള്‍ വിന്യസിക്കാനും തീരുമാനമായി. ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും.
ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ കഴിയാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കില്‍, N95 മാസ്‌ക് ധരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.
അന്തരീക്ഷ മലിനീകരണം;രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം