കെ.വി മോഹന്‍കുമാറിന്റെ കഥകളുടെ ഹിന്ദി പരിഭാഷ പ്രകാശനം ചെയ്തു
കെ.വി. മോഹന്‍കുമാറിന്റെ കഥകളുടെ ഹിന്ദി പരിഭാഷ ‘ജലരാശി ‘ സിംലയില്‍ പ്രകാശനം ചെയ്തു. ഭാഷാ സമന്വയ വേദിയുടെ വിവര്‍ത്തക ബന്ധുത്വ യാത്രയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഹിമാചല്‍ സര്‍ക്കാറില്‍ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി സംസ്ഥാന ഫുഡ് കമ്മീഷണര്‍ രമേഷ് ചന്ദ്ര ഗംഗോത്രക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ ചെറിയ ഭാഷകളിലെ സാഹിത്യകൃതികള്‍ക്ക് വലിയ വ്യവഹാരമണ്ഡലം ഉണ്ടാക്കാന്‍ വിവര്‍ത്തനങ്ങള്‍ പാതയൊരുക്കുമെന്നും അപ്പോഴാണ് സാംസ്‌കാരികസമന്വയം
യാഥാര്‍ത്ഥ്യമാകുന്നതെന്നും ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിഭാഷകളിലൂടെയും വിവിധ സംസ്ഥാനങ്ങളിലെ ദേശീയോത്സവങ്ങളിലൂടെയും സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.വി.മോഹന്‍കുമാര്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചു. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ മഞ്ജിത്ശര്‍മ്മ , ഡോ. ആര്‍സു, ഡോ.ഒ.വാസവന്‍, പി.എസ്.സജയകുമാര്‍, ഡോ.കെ.സി.അജയകുമാര്‍, ഡോ. ഷീന ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവര്‍ത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി 20 അംഗ പ്രതിനിധി സംഘമാണ് സിംലയിലെത്തിയത്.