കോഴിക്കോട് : മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു.കോഴിക്കോട്ട് നടന്ന കെ. എന്‍. എം സമാധാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ വിളിച്ച് ചേര്‍ത്ത മുസ്ലിം സംഘടനാ നേതൃയോഗം ഒന്നിച്ചെടുത്ത തീരുമാണത്. കെ. എന്‍. എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി നേരത്തെ ഇക്കാര്യം പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം അത് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുനമ്പം പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇസ്ലാമിലെ മനുഷ്യോപകാരപ്രദവും മനോഹരവുമായ വഖഫ് സംവിധാനത്തിന്നെതിരില്‍ അനാവശ്യ വിമര്‍ശനങ്ങളുയര്‍ത്തിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാനാജാതി മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും പോലും കുടി വെള്ളം ലഭ്യമാക്കാന്‍ വഖഫ് സ്വത്തുക്കളുപയോഗിച്ച് സൗകര്യമേര്‍പ്പെടുത്തിയ മുസ്ലിം ഖലീഫമാരുടെ ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലില്‍ വഖഫ് സംവിധാനത്തെ തകര്‍ക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളുള്ളത് കൊണ്ടാണ് മുസ്ലിംകള് എതിര്‍ക്കുന്നത്. കേന്ദ്ര വഖഫ് ബില്ലും മുനമ്പം പ്രശ്നവും വ്യത്യസ്ഥങ്ങളായ രണ്ട് വിഷയങ്ങളാണ്. അത് രണ്ടും കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മുസ്ലിംകള് മുനമ്പം നിവാസികളോടൊപ്പമാണെന്നും മുനമ്പം സമര പന്തല്‍ സന്ദര്‍ശിച്ച് അവരോട് ഐക്യദാര്‍ഢ്യമറിയിച്ച ഡോ.ഹുസൈന് മടവൂര്‍ വിശദീകരിച്ചു. മദീനാ ഇമാം ഉദ്ഘാടനം ചെയ്ത മഹാസമ്മേളനത്തില്‍ മുസ്ലിം സമുദായം ഒന്നടങ്കം മുനമ്പം നിവാസികളോടൊപ്പമാണെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി. മുനമ്പത്തേത് മനുഷ്യരുടെ പ്രശ്നമാണ്. അത് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല. ഈ വിഷയം വര്‍ഗ്ഗീയതക്കും സാമുദായിക ധ്രുവീകരണത്തിന്നും വേണ്ടി പയോഗിക്കുന്ന കേന്ദ്രങ്ങള്‍ക്കുള്ള ശക്തയായ താക്കീതാണിത്.
മുനമ്പത്ത് ഒരാളെയും കുടിയൊഴിപ്പിക്കരുത്:
ഡോ.ഹുസൈന് മടവൂര്‍