ഭരണകര്‍ത്താക്കള്‍ ജഡ്ജിയാകേണ്ട;ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി

ഭരണകര്‍ത്താക്കള്‍ ജഡ്ജിയാകേണ്ട;ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭരണകര്‍ത്താക്കള്‍ വിധി നിശ്ചയിക്കുന്ന ജഡ്ജിയാകേണ്ടണ്ടെന്ന് ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി.കേസുകളില്‍
പ്രതികളാക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ ശിക്ഷ എന്ന നിലയില്‍ ഇടിച്ചു നിരത്തുന്ന സര്‍ക്കാര്‍ നടപടി ഭണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.
അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കി.
ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ ശിക്ഷാ നടപടിയെന്ന രീതിയില്‍ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

എന്നാല്‍ വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ പൊളിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

 

 

ഭരണകര്‍ത്താക്കള്‍ ജഡ്ജിയാകേണ്ട;ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *