കോഴിക്കോട്: സംസ്ഥാനത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ ശാസ്ത്രത്തില്‍ ആഭിമുഖ്യം വളര്‍ത്താന്‍, വിദ്യാര്‍ത്ഥികളുടെ ബഹിരാകാശ ഉച്ചകോടി ലോഞ്ച് 9ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് കാരപ്പറമ്പ് ഗവ.എച്ച്.എസ്.എസില്‍ നടക്കുമെന്ന് യു എല്‍ സ്പേസ് ക്ലബ്ബ് ഫൗണ്ടറും മെന്ററും ഐ എസ് ആര് ഒ മുന്‍ ഡയറക്ടറുമായ ഡോ. ഇ.കെ.കുട്ടിയും, ടീം ലീഡര്‍ വരുണ്‍.കെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകോടി 9.30ന് എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. വി എസ് എസ് സി ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന് നായര്‍ മുഖ്യ പ്രഭാഷണം നടത്തും.
200ഓളം വിദ്യാര്‍ത്ഥികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സ്പേസ് ശാസ്ത്ര സാങ്കേതിക വിദ്യകളെപ്പറ്റി വിദഗ്ധര്‍ നയിക്കുന്ന ഗ്രൂപ്പ് ചര്‍ച്ച, ബഹിരാകാശ പര്യവേഷണങ്ങളുടെ ഭാവി, ഈ മേഖലയിലെ അവസരങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്ന ബഹിരാകാശ പാര്‍ലമെന്റ് എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന പരിപാടികള്‍. സമാപന സമ്മേളനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് രമേശന് പാലേരി മുഖ്യാതിഥിയാവും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യുഎല്‍ സ്പേസ് ക്ലബ്ബ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
യു എല്‍ സ്പേസ് ക്ലബ്ബിലെ കുട്ടികള്‍ സ്വയം ആവിഷ്ക്കരിച്ചു നടത്തുന്ന പരിപാടിയാണ് ലോഞ്ച് 2024. ഐഎസ്ആര്‍ഒയുടെ സ്പേസ് ട്യൂട്ടര്‍ പദവിയുള്ള സന്നദ്ധ സംഘടനയാണ് 2016ല്‍ ആരംഭിച്ച യു എല്‍ സ്പേസ് ക്ലബ്ബ്. ജ്യോതിശാസ്ത്രം, ബഹിരാകാശ സാങ്കേതിക വിദ്യ, സ്റ്റെം വിഷയങ്ങളില്‍ സമര്‍ത്ഥരായ പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ യു എല്‍ സ്പേസ് ക്ലബ്ബ്, ഐ എസ് ആര് ഒ, വി എസ് എസ് സി, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി (IIST) കാലിക്കറ്റ് സര്‍വ്വകലാശാല, എന്‍ ഐ റ്റി എന്നിവയുടെ സഹകരണത്തോടെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പഠന വേദികള്‍ ഒരുക്കിവരികയാണെന്ന് ഡോ.ഇ.കെ.കുട്ടി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുല്‍ നാസര്‍.യു.കെ, യു എല്‍ സ്പേസ് ക്ലബ്ബ് മെന്ററും അമച്വര്‍ വാന നിരീക്ഷകനുമായ സുരേന്ദ്രന് പുന്നശ്ശേരി എന്നിവരും സംബന്ധിച്ചു.