മുക്കം : വോട്ടുകള്‍ക്കു വേണ്ടി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ മാറി മാറി പ്രീണിപ്പിക്കുന്ന സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ) കുറ്റപ്പെടുത്തി. താത്കാലിക ലാഭത്തിനു വേണ്ടി നടത്തുന്ന വര്‍ഗീയ പ്രീണനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സിപിഎം ബിജെപി ഡീല്‍ ആണ് കേരളത്തില്‍ നടക്കുന്നത്. ഒരുഘട്ടത്തില്‍ സിപിഐ യെ പോലും തഴഞ്ഞു മഅദനിയെ തോളിലേറ്റുകയും ജമാഅത്ത് ഓഫീസുകളില്‍ കയറി ഇറങ്ങുകയും ചെയ്ത സിപിഎം ഇപ്പോള്‍ നടത്തുന്ന ന്യൂനപക്ഷ വിരോധം ബിജെപിയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ആരോപിച്ചു.
സിപിഐ യുടെ ബിജെപി വിരോധം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു ബിജെപിക്ക് എതിരെ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ )
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇകെ ശ്രീനിവാസന്, ജനറല്‍ സെക്രട്ടറി മനോജ് ടി സാരംഗ് എന്നിവര്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ കാര്‍ഡ് ഇറക്കി ജന രോഷം മറികടക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കു കനത്ത താക്കീതായി ഉപതെരെഞ്ഞെടുപ്പുഫലം മാറുമെന്നവര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങും . ഇകെ ശ്രീനിവാസന്, മനോജ് ടി സാരംഗ് ജില്ലാ പ്രസിഡന്റ് എജെ വര്‍ക്കി, ജില്ലാ നേതാക്കളായ കെസി രാമചന്ദ്രന്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു പാര്‍ട്ടി പിന്തുണ അറിയിച്ചു.
സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി