കോഴിക്കോട്: 72 വര്‍ഷം പഴക്കമുള്ള ആകാശവാണി കോഴിക്കോട് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് കോഴിക്കോട് ആകാശവാണി ശ്രോതാക്കളുടെ ഫോറം നിവേദനം നല്‍കി. ജീര്‍ണിച്ച എ.എം. ട്രാന്‍സ്മിറ്ററിന് പകരം ആധുനിക എഫ് എം ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കുക, മെഡിക്കല്‍ കോളേജിന് സമീപം നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ദൂരദര്‍ശന്‍ ടവറില്‍ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കുക,അതുവഴി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍ക്ക് പുറമെ കണ്ണൂരിന്റെ ഭാഗങ്ങളിലും സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സ്റ്റേഷനിലെ ഗ്രാമശ്രീ, വനിതാ വേദി, മെയില്‍ബോക്‌സ്, ലൈറ്റ് മ്യൂസിക് പാട്ടുകള്‍, നാടന്‍ പാട്ടുകള്‍ എന്നിവയെല്ലാം തലസ്ഥാന സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. മലബാര്‍ മേഖലയിലെ വിനോദ, വിവര ആവശ്യങ്ങള്‍ ഇതുവഴി പരിമിതപ്പെടുകയാണ്.
ഗ്രാമപ്രദേശങ്ങളില്‍ അടക്കം ആളുകള്‍ ഇപ്പോഴും റേഡിയോയെ ആശ്രയിക്കുന്നു. കോഴിക്കോട് നഗരത്തില്‍ ആകാശവാണിയില്‍ പരിപാടികള്‍ നടത്തി ഉപജീവനം നടത്തുന്ന നൂറുകണക്കിന് കാഷ്വല്‍ അനൗണ്‍സര്‍മാരും കലാകാരന്മാരും (നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, കോല്‍ക്കളി, ഗ്രാമീണ, അവതരണ കലകള്‍) എല്ലാവരും പ്രതിസന്ധിയിലാണ്. നിലവില്‍, ജീവനക്കാരുടെ കുറവ് കാരണം പ്രാദേശിക പരിപാടികള്‍ പലതും റദ്ദാക്കുകയോ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ പ്രോഗ്രാം സ്റ്റാഫിനെയും മറ്റ് സ്റ്റാഫിനെയും റിക്രൂട്ട് ചെയ്യുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഫോറം അഭ്യര്‍ത്ഥിച്ചു.ഫോറത്തിനു വേണ്ടി ആര്‍.ജയന്ത് കുമാര്‍ നിവേദനം മന്ത്രിക്ക് കൈമാറി.
കോഴിക്കോട് ആകാശവാണിയുടെ ശോചനീയാവസ്ഥ
പരിഹരിക്കണം;കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി