ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

കോഴിക്കോട്: ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവത്തിന് നാളെ(3.11.24) തുടക്കം. വൈകിട്ട് നാലിന് കേന്ദ്ര റെയില്‍വേ, വാര്‍ത്താ വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, പി.ടി. ഉഷ എംപി, എം.കെ. രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ആര്‍എസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബലറാം, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.

ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍, മുന്‍ സബ് എഡിറ്റര്‍ രാമചന്ദ്രന്‍ കക്കട്ടില്‍ എന്നിവരെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെയും ആദരിക്കും. രാത്രി ഏഴിന് ചലച്ചിത്ര താരം ശോഭനയുടെ നൃത്തസന്ധ്യയുണ്ടായിരിക്കും. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മഹാപ്രദര്‍ശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഐഎസ്ആര്‍ഒ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ആയുഷ്, വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ എക്സിബിഷന്റെ ഭാഗമാവും.

ഉദ്ഘാടന ദിവസം രാവിലെ 10.30ന് ‘ബ്ലൂ റവല്യൂഷന്‍’ സെമിനാര്‍ നടക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് അധ്യക്ഷനാകും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി. പീതാംബരന്‍ വിഷയാവതരണവും
എന്‍.പി. രാധാകൃഷ്ണന്‍ മോഡറേറ്ററുമായിരിക്കും. ഡോ.എസ്. സുരേഷ്‌കുമാര്‍, ഡോ. ആശാലത, സംഗീത.എന്‍.ആര്‍. തുടങ്ങിയവര്‍ സംസാരിക്കും.

നാലാം തീയതി രാവിലെ 10.30ന് നടക്കുന്ന വനിതാ സെമിനാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വിജയഭാരതി സയാനി ഉദ്ഘാടനം ചെയ്യും. മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഇന്ദിരാ കൃഷ്ണകുമാര്‍ അധ്യക്ഷയാകും. പ്രൊഫ. താജി. ജി.ബി, ഡോ.ജെ. പ്രമീളാ ദേവി എന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് സാഹിത്യ സെമിനാര്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിലെ ഡോ.സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും. ആഷാ മേനോന്‍, ഡോ. പി. ശിവപ്രസാദ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ.എന്‍.ആര്‍. മധു തുടങ്ങിയവര്‍
പ്രഭാഷണം നടത്തും.

വൈകിട്ട് നാലിന് ദേവദാസ്. കെ ഒറ്റപ്പാലത്തിന്റെ പൂതംതിറയും 4.30ന് ദീപ്ത. പിയുടെ ഭരതനാട്യം, അഞ്ചിന് അഞ്ജു ശിവാനന്ദിന്റെ കുച്ചുപ്പുടി, 5.30 ന് പ്രസന്ന പ്രകാശിന്റെ മോഹിനിയാട്ടം, വൈകിട്ട് ആറിന് മാതാ പേരാമ്പ്രയുടെ ചിലപ്പതികാരത്തിന്റെ നൃത്ത സംഗീതാവിഷ്‌കാരവും വേദിയില്‍ അരങ്ങേറും.
നവംബര്‍ നാലിന് മീറ്റ് ദ് ഗവര്‍ണര്‍ പരിപാടിയില്‍ കാലത്ത് 10.30 ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തിരഞ്ഞെടുക്കപ്പെട്ട സദസ്സിനോട് സംവദിക്കും. പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷനാകും.

നവംബര്‍ അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന മാധ്യമ സെമിനാര്‍ എസ്. ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, എം.ജി. രാധാകൃഷ്ണന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.30ന് മുരുകന്‍ അട്ടപ്പാടിയുടെ നാടന്‍പാട്ടും, 5.45ന് ദേവ്ന സുരേന്ദ്രന്റെ ഭരതനാട്യം, ആറിന് ഹിന്ദുസ്ഥാന്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയ്ക്ക് പുറമെ 6.30ന് ദര്‍ശനം പരിപാടിയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. 7ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സൂര്യഗായത്രിയുടെ സംഗീതസന്ധ്യയും വേദിയില്‍ അരങ്ങേറും.

നവംബര്‍ ആറിന് രാവിലെ 10.30ന് നടക്കുന്ന പ്രതിഭാസംവാദത്തില്‍ എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് സംവദിക്കും. വൈകിട്ട് 4.15ന് രൂപേഷ് ആര്‍. മാരാരുടെ സോപാനസംഗീതം, 4.30ന് കലാമണ്ഡലം പ്രിയ.ടി.കെ ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ‘മലയാളപ്പുഴ’ നൃത്താവിഷ്‌കാരം, അഞ്ചിന് ടി.പി. കുഞ്ഞിരാമന്‍ അവതരിപ്പിക്കുന്ന
പാവക്കൂത്ത്, 5.30ന് രാഗേഷ് പരമേശ്വര്‍ ആന്‍ഡ് നന്ദന വിനോദ് അവതരിപ്പിക്കുന്ന ക്ലാസ്സിക്കല്‍ നൃത്തം, 6.30ന് തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ആരണ്യപര്‍വം നാടകം നടക്കും.

സമാപന ദിനമായ ഏഴിന് രാവിലെ 10.30ന് വേദി ഒന്നില്‍ സഹകരണ സെമിനാര്‍ ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാഠെ ഉദ്ഘാടനം ചെയ്യും. അഡ്വ.കരുണാകരന്‍ നമ്പ്യാര്‍, വിജയ കൃഷ്ണന്‍.സി.എന്‍, മനയത്ത് ചന്ദ്രന്‍, എം. മെഹബൂബ് എന്നിവര്‍ സംസാരിക്കും. വേദി രണ്ടില്‍
രാവിലെ 10.30ന് കായിക സെമിനാര്‍. ഒളിംപിക്സ് 2036: വേദിയാകാന്‍ ഭാരതം എന്നതാണ് വിഷയം. കേന്ദ്ര കായിക, തൊഴില്‍, യുവജനകാര്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എംപി, ഡോ. കിഷോര്‍, യു. ഷറഫലി, വി. സുനില്‍കുമാര്‍, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിക്കും. കായിക താരങ്ങളേയും മുതിര്‍ന്ന സ്പോര്‍ട്സ് ലേഖകരെയും ആദരിക്കും.
വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എംപി അധ്യക്ഷയാകും. പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശന്‍, എം. രാധാകൃഷ്ണന്‍, കെ.വി. ഹസീബ് അഹമ്മദ്, എം. നിത്യാനന്ദ കാമത്ത്, എ.കെ.ബി. നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് വൈകിട്ട് 5.30ന് ഗൗരി നന്ദനയുടെ ഭരതനാട്യത്തിനുശേഷം ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ നയിക്കുന്ന മ്യൂസിക്കല്‍ മെഗാഷോയോടെ കോഴിക്കോട്ടെ വിജ്ഞാനോത്സവത്തിന് കൊടിയിറങ്ങും.
വാര്‍ത്താസമ്മേളനത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം. ബാലകൃഷ്ണന്‍, കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം. രാജീവ് കുമാര്‍ പങ്കെടുത്തു.

 

 

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

 

Share

Leave a Reply

Your email address will not be published. Required fields are marked *