കോഴിക്കോട്: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 20ാംമത് പുസ്തകോത്സവം നാളെ (30)മുതല്‍ നവംബര്‍ 1വരെ എം ഗംഗാധരന് മാസ്റ്റര്‍ നഗറില്‍ (മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാള്‍) നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ ദിനേശനും, സെക്രട്ടറി ഉദയനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള 80ഓളം പ്രസാധകരുടെ 110ല്‍ അധികം. ബുക്ക് സ്റ്റാളുകളില്‍ നിന്ന് സ്കൂള്‍ ലൈബ്രറികള്‍ക്കും, ഗ്രന്ഥശാലകള്‍ക്കും വായനക്കാര്‍ക്കും 35% കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. മറ്റ് പുസ്തകോത്സവങ്ങളില്‍ നിന്നൊന്നും ലഭിക്കാത്ത ഡിസ്കൗണ്ടിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ജില്ലയിലെ 600 ഓളം ലൈബ്രറികള്‍ക്ക് 2024ല്‍ 1,021,44000 രൂപയുടെ പുസ്തക ഗ്രാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ ഒന്നരകോടിയുടെ പുസ്തക വില്പന നടക്കും. പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നാളെ കാലത്ത് 11 മണിക്ക് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ മുസഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന് കെപി രാമനുണ്ണി മുഖ്യാതിഥിയാകും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ ചന്ദ്രന് എന്നിവര്‍ സംബന്ധിക്കും. നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ ദിനേശന്,സെക്ര. എന്‍ ഉദയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സി.സി ആന്‍ഡ്രൂസ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അഡ്വ. ഉദയഭാനു എന്നിവര്‍ പങ്കെടുത്തു.