കോട്ടക്കല്‍ ആര്യവൈദ്യശാല 61-ാമത് സെമിനാര്‍ കോട്ടക്കലില്‍

കോട്ടക്കല്‍ ആര്യവൈദ്യശാല 61-ാമത് സെമിനാര്‍ കോട്ടക്കലില്‍

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 61-ാമത് ആയുര്‍വേദ സെമിനാര്‍ (ASK@61) നവംബര്‍ 10ന് കോട്ടക്കല്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ആങ്കണത്തില്‍ നടക്കും.

അവാസ്‌കുലാര്‍ നെക്രോസിസ് (രക്തചംക്രമണത്തിന്റെ അഭാവത്തില്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ജീര്‍ണത) എന്ന വിഷയത്തെ സംബന്ധിച്ചാണ് സെമിനാര്‍.ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സര്‍ക്കാരിന്റെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും. ഡോ.പ്രവീണ്‍ ബാലകൃഷ്ണന്റെ ‘ദി ന്യൂ ട്രന്‍ഡ്‌സ് ഇന്‍ പഞ്ചകര്‍മ്മ ടെക്‌നിക്‌സ്’ പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികുമാര്‍ സ്വാഗതവും ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.ലേഖ നന്ദിയും പറയും.

തുടര്‍ന്നു നടക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ കോഴിക്കോട് മൈത്ര ആശുപത്രിയിലെ ആര്‍ത്രോപ്ലാസ്റ്റി/ആര്‍ത്രോ സ്‌കോപി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ.സമീറലി പറവത്ത് വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിക്കും. വാസ്‌കുലാര്‍ നെക്രോസിസിന്റെ ആയുര്‍വേദാധിഷ്ഠിത ചികിത്സാ രീതിയെ ക്കുറിച്ച് മുവാറ്റുപുഴ വെട്ടുക്കാട്ടില്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ്, പ്രോക്ടോളജി ചീഫ് കണ്‍സല്‍ട്ടന്റ് ഡോ.ജിക്കു എലിയാസ് ബെന്നിയും, കോട്ടക്കല്‍ ആര്യവൈദ്യശാല എ.എച്ച് ആന്റ് ആര്‍.സിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിശാന്ത് നാരായണനും പ്രഭാഷണം നടത്തും. ഒല്ലൂര്‍ വൈദ്യരത്‌നം ആയൂര്‍വ്വേദ കോളേജിലെ റിട്ട.പ്രൊഫ.ഡോ.ടി.ശ്രീകുമാര്‍ മോഡറേറ്ററായിരിക്കും.

ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും ആര്യവൈദ്യശാല നല്‍കി വരുന്ന വൈദ്യരത്‌നം പി.എസ്.വാരിയര്‍ അഖിലേന്ത്യാ ആയൂര്‍വേദ പ്രബന്ധ മത്സരത്തിനുള്ള അവാര്‍ഡ്, ആര്യവൈദ്യന്‍ പി.മാധവ വാരിയര്‍ ഗോള്‍ഡ് മെഡല്‍, ആര്യവൈദ്യന്‍ എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ആര്യവൈദ്യന്‍ എന്‍.വി.കെ.വാരിയര്‍ ആന്റ് ആര്യവൈദ്യന്‍ മാധവിക്കുട്ടി എന്‍ഡോവ്‌മെന്റ് പ്രൈസ്, മാലതി.എം.കെ.ദേവിദാസ് വാരിയര്‍ എന്നിവരുടെ പേരില്‍ നല്‍കുന്ന ജ്ഞാന ജ്യോതി അവാര്‍ഡ്, കൂടാതെ സെമിനാറിന്റെ ഭാഗമായി ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനങ്ങളും മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ സമ്മാനിക്കും.കോട്ടക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.മധു നന്ദി പ്രകാശിപ്പിക്കും.

 

കോട്ടക്കല്‍ ആര്യവൈദ്യശാല
61-ാമത് സെമിനാര്‍ കോട്ടക്കലില്‍

Share

Leave a Reply

Your email address will not be published. Required fields are marked *