കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് 29ലേക്ക് മാറ്റി. വാദം പൂര്‍ത്തിയായ ശേഷമാണ് വിധിപറയല്‍ മാറ്റിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി ജ. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോള്‍ പമ്പിനു പിന്നിലെ ബിനാമിയെ കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെട്ടു.
പ്രാദേശിക ചാനലുകളെ വിളിച്ചുവരുത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയും നടന്നു. ആസൂത്രിതമായ കുറ്റകൃത്യമാണു നടന്നത്. യാദൃച്ഛികമായി വന്നുപോയ വാക്കല്ല. നവീന്റെ മകള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നാണ് ദിവ്യ കോടതിയില്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ വാദിച്ചു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും വാദത്തില്‍ അവകാശപ്പെട്ടു.
പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കില്‍ പരാതി നല്‍കാമായിരുന്നു. ഇതൊന്നും ചെയ്തില്ലെന്നും സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയതെന്നും ദിവ്യ തലശ്ശേരി കോടതിയില്‍ പറഞ്ഞു.