കല്‍പറ്റ: വയനാട് ലോകസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ തന്റെ കന്നിയങ്കത്തിനു തുടക്കം കുറിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 11ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നല്‍കുക.
പ്രിയങ്കയ്ക്കൊപ്പം മാതാവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയുമായ സോണിയാഗാന്ധിയും വയനാട്ടില്‍ എത്തിയിട്ടുണ്ട്. വയനാട്ടില്‍ സോണിയയുടെ പ്രഥമസന്ദര്‍ശനമാണിത്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എന്നിവര്‍ ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തും. പ്രിയങ്ക ഇന്നലെ രാത്രി തന്നെ വയനാട്ടിലെത്തിയിരുന്നു.ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും ഒപ്പമുണ്ട്.
നാമനിര്‍ദേശ പത്രിക നല്‍കി ഇന്നു വെകിട്ട് തന്നെ പ്രിയങ്കയും സോണിയയും രാഹുലും ഡല്‍ഹിയിലേക്ക് തിരിക്കും. ഒക്ടോബര്‍ അവസാനവാരം മുതല്‍ തിരഞ്ഞെടുപ്പുവരെയുള്ള പത്തുദിവസം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം.
വയനാട്ടില്‍ കന്നിയങ്കത്തിനു തുടക്കം കുറിക്കാന്‍ പ്രിയങ്ക ഇന്ന് പത്രിക സമര്‍പ്പിക്കും