‘ദിവ്യ സംസാരിച്ച രീതി ശരിയായില്ല: ടി. പി രാമകൃഷ്ണന്‍

‘ദിവ്യ സംസാരിച്ച രീതി ശരിയായില്ല: ടി. പി രാമകൃഷ്ണന്‍

‘ദിവ്യ സംസാരിച്ച രീതി ശരിയായില്ല: ടി. പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ യാത്രയയപ്പ് പരിപാടിയില്‍ പി.പി ദിവ്യ സംസാരിച്ച രീതി ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു. ഇതിനെ കുറിച്ച് സമഗ്രഅന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും എഡിഎമ്മും കുടുംബവും പാര്‍ട്ടി ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും രാമകൃഷ്ണന്‍ വിമര്‍ശിച്ചു.

പാലക്കാട് മണ്ഡലം സിപിഎം തിരിച്ചു പിടിക്കുമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിനെ പാലക്കാട് മത്സരിപ്പിക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാക്കാലത്തും സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി. സ്വതന്ത്ര സ്ഥാനാര്‍ഥികളെ ജയിപ്പിക്കുക മാത്രമല്ല അവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയിട്ടുണ്ട്. എല്ലാ സന്ദര്‍ഭങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ഡിഎഫും സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രോത്സാഹിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്വതന്ത്രരെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ധാരണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിപുലപ്പെടുത്തുക, അടിത്തറ വികസിപ്പിക്കുക എന്നതാണ്. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് വ്യത്യസ്തമായ ആളുകള്‍ മുന്നണിയുടേയും പാര്‍ട്ടിയുടേയും ഭാഗമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി. സരിന്‍ സ്വതന്ത്രമായി തീരുമാനിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ അദ്ദേഹത്തെ ഇടതുപക്ഷത്തിന്റെ ഭാഗമാക്കാനാവുമോ എന്ന് പരിശോധിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടാണ് സരിന്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ആര്‍എസ്എസും ബിജെപിയുമായി രഹസ്യ ധാരണകള്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. സരിന്‍ തന്നെ കോണ്‍ഗ്രസ് – ബിജെപി ബന്ധത്തെകുറിച്ച് പറയുന്നുണ്ട്. കോണ്‍ഗ്രസിനകത്ത് സ്വീകരിച്ച് വരുന്ന വര്‍ഗീയ പ്രീണനത്തിനെതിരായ നിലപാട് സ്വീകരിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. എല്ലാ വശവും പരിശോധിച്ച് സംഘടനാ സംവിധാനത്തിലൂടെയാണ് സരിനെ സ്ഥാനാര്‍ഥിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ പാര്‍ട്ടി എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ബിജെപിക്കും യുഡിഎഫിനും എതിരെയാണ് പാലക്കാട് സിപിഎമ്മിന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *