ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും
കോഴിക്കോട്: കേരള പ്രവാസി സംഘം സ്ഥാപക ദിനമായ ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വിജയിപ്പിക്കുമെന്നു കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തിരിച്ചെത്തിയവരും നിലവില്‍ പ്രവാസികളായവരുമായ വനിതകളുള്‍പ്പെടെ ഒന്നര ലക്ഷം പ്രവാസികളെ ജില്ലയില്‍ ഈ വര്‍ഷം അംഗങ്ങളാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രവാസം പൊതുവെയും ഗള്‍ഫ് പ്രവാസം പ്രത്യേകിച്ചും ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സ്വദേശീവല്‍ക്കരണവും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കാരണം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുക, പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷനും വായ്പ്പകളുമുള്പ്പെടെയുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായി മുഴുവന്‍ പ്രവാസികളെയും മാറ്റുക, നാലാം ലോക കേരളസഭ പ്രഖ്യാപിച്ച പ്രവാസി മിഷന് പദ്ധതി പ്രായോഗികമാക്കുന്നതിനാവശ്യമായ പശ്ചാത്തലം ഒരുക്കുക തുടങ്ങിയ പ്രവാസി വിഷയങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളുടെ യും പിന്തുണയുണ്ടാവണമെന്നു കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി, വി, ഇക്ബാല്‍, പ്രസിഡണ്ട് കെ. സജീവ് കുമാര്‍, ട്രഷറര്‍ എം. സുരേന്ദ്രന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.