സന്ധ്യയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്

സന്ധ്യയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്

കൊച്ചി : എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിന്റെ പേരില്‍ വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ പറവൂര്‍ സ്വദേശി സന്ധ്യയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ സന്ധ്യയ്ക്കുള്ള കടം മുഴുവന്‍ ഏറ്റെടുത്ത് ഉടന്‍ തന്നെ അടച്ചുതീര്‍ക്കുമെന്ന് സന്ധ്യക്ക് എം.എ യൂസഫലി ഉറപ്പ് നല്‍കി. സ്വന്തം വീട്ടില്‍ ഇനി സമാധാനമായി ഉറങ്ങാനാകുമെന്നും എം.എ യൂസഫലിയുടെ സന്ദേശമായി ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ സന്ധ്യയെ അറിയിച്ചു. കടബാധ്യത മുഴുവന്‍ തീര്‍ക്കുന്നതിന് പുറമേ കുടുംബത്തിന് അധിക സമ്പാദ്യമായി പത്ത് ലക്ഷം രൂപ കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, എം.എ യൂസഫലിയുടെ ഫൈനാന്‍സ് മാനേജര്‍ വി.പീതാംബരന്‍ എന്നിവര്‍ സന്ധ്യയുടെ വസതിയിലെത്തിയാണ് ചെക്ക് കൈമാറിയത്. കുടുംബാംഗങ്ങളുടെ പേരില്‍ ജോയിന്റ് അക്കൗണ്ടായാണ് തുക നിക്ഷേപിക്കുന്നത്.
ആ സഹോദരിയും മക്കളും വീട്ടില്‍ സമാധാനമായി ഇന്ന് തന്നെ പ്രവേശിച്ചുവെന്ന് ഉറപ്പാക്കാതെ അവിടെ നിന്ന് മടങ്ങരുതെന്നായിരുന്നു തൊട്ടുപിന്നാലെ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജിന് എം.എ യൂസഫലിയുടെ സന്ദേശം. പിന്നാലെ മണപ്പുറം ഫിനാന്‍സ് എംഡി ആന്‍ഡ് സിഇഒ വി.പി. നന്ദകുമാറുമായി എം.എ യൂസഫലി ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ ബാങ്ക് ജീവനക്കാര്‍ ഉടനെത്തി വീട് തുറന്ന് നല്‍കി. സമാധാനത്തോടെ വീട്ടില്‍ നിന്ന് സന്ധ്യയും മക്കളും ഭക്ഷണം കഴിച്ചു.

മരണം മുന്നില്‍ കണ്ട സാഹചര്യത്തിലാണ് എം.എ യൂസഫലിയുടെ സഹായമെത്തിയതെന്നും കണ്ണീരോടെ നന്ദിപറയുന്നുവെന്നും സന്ധ്യ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് പറവൂര്‍ സ്വദേശിനി സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മൂന്ന് മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തുകഴിയുകയായിരുന്നു. കടബാധ്യത ബാക്കിയാക്കി ഭര്‍ത്താവ് മൂന്ന് മക്കളെയും സന്ധ്യയെയും ഉപേക്ഷിച്ചതോടെ ബുദ്ധിമുട്ടിലായിരുന്നു ഈ യുവതി. മാധ്യമങ്ങളിലൂടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് എം.എ യൂസഫലി നിര്‍ദേശം നല്‍കുകയായിരുന്നു.

 

 

സന്ധ്യയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *