സാമൂഹ്യ സുരക്ഷാ വലയം ഇല്ലാത്ത ലോകം

സാമൂഹ്യ സുരക്ഷാ വലയം ഇല്ലാത്ത ലോകം

ടി ഷാഹുല്‍ ഹമീദ്

30 വര്‍ഷത്തിനുശേഷം 1995ല്‍ കോപ്പന്‍ഹേഗില്‍ വച്ച് നടന്ന ഒന്നാമത്തെ ലോക സാമൂഹ്യ വികസന ഉച്ചകോടിക്ക് ശേഷം രണ്ടാമത്തെ ലോക നേതാക്കളുടെ സംഗമം 2025 ല്‍ ദോഹയില്‍ വച്ച് നടക്കാന്‍ പോവുകയാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിക്ക് മുമ്പായി ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം 2024ലെ ലോക സാമൂഹ്യ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതും ചര്‍ച്ച ചെയ്ത് പരിഹാര നടപടി സ്വീകരിക്കേണ്ടതായിട്ടുള്ളതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പ് 22 ലും, രാജ്യങ്ങളുടെ നിയമങ്ങളിലും സാമൂഹിക സുരക്ഷിതത്വം എല്ലാ മനുഷ്യരുടെയും അവകാശമാണ് എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ പാടെ വിസ്മരിച്ച നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്.

2024 സെപ്റ്റംബറില്‍ നടന്ന ലോക ഭാവി ഉച്ചകോടിയില്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളായ കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പെട്ടെന്ന് ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍, ഇവയെല്ലാം ലോകത്ത് ജീവിക്കുന്ന മനുഷ്യരെ സാരമായി ബാധിക്കുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്.
ജനകേന്ദ്രീകൃത വികസനം എന്ന ആശയമുയര്‍ത്തി മനുഷ്യരുടെ ആവശ്യങ്ങള്‍ നേരിട്ട് നിറവേറ്റുന്ന സമ്പത്ത് വ്യവസ്ഥ ഉണ്ടാവണം എന്ന് അന്നുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ലോക നേതാക്കളുടെ കൂടിച്ചേരലില്‍ ഒന്നാം സാമൂഹിക വികസന ഉച്ചകോടിയില്‍ 1995 ല്‍ ആഹ്വാനം നല്‍കിയിട്ടും വികസനവും ജനങ്ങളും രണ്ടും രണ്ട് വഴിക്ക് പോകുന്നതും, വികസന പരിപ്രക്ഷ്യത്തില്‍ ഏറ്റവും വലിയ ശ്രദ്ധ കൊടുക്കേണ്ട മനുഷ്യര്‍ക്ക് വളരെ ചെറിയ പ്രാധാന്യം നല്‍കുന്ന കാലത്താണ് രണ്ടാമത് സാമൂഹ്യവികസന ഉച്ചകോടി ചേരാന്‍ പോകുന്നത്. അതി ദാരിദ്ര്യം ഇല്ലാതാക്കാല്‍,തൊഴില്‍ ചെയ്യാന്‍ കഴിയുന്നവരെ കണ്ടെത്തി വൈദഗ്ധ്യം നല്‍കി തൊഴില്‍ ലഭ്യമാക്കല്‍,വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന അടിക്കടിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ലിംഗ സമത്വം സാധ്യമാക്കല്‍, തുല്യവും ഗുണനിലവാരമുള്ള പ്രാഥമിക ആരോഗ്യം എല്ലാവരിലും എത്തിക്കല്‍,ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസം ജനങ്ങള്‍ക്ക് നല്‍കല്‍ എന്നിവ സ്വപ്നമായി മാറുന്ന ഘട്ടത്തിലാണ് ആഗോള നേതാക്കള്‍ ഒന്നിച്ചിരിക്കാന്‍ പോകുന്നത്.

പാവങ്ങളുടെ ജീവ രേഖയാണ് സാമൂഹ്യ സുരക്ഷാ വലയം. ജീവിക്കാന്‍ ഒരു മിനിമം വരുമാനം ഇല്ലെങ്കില്‍ കുടുംബങ്ങള്‍ തകര്‍ന്നു പോകുന്നു. ക്ഷേമ രാഷ്ട്രത്തിന് വ്യക്തികള്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം ഇല്ലാതാക്കണം. സാമൂഹ്യ സുരക്ഷയ്ക്കായി വരുമാന പിന്തുണ നല്‍കിയാല്‍ കുടുംബ പിന്തുണയോടൊപ്പം ,സാമ്പത്തിക ക്ഷേമം, തൊഴില്‍ക്ഷേമം എന്നിവ ലഭ്യമാകുന്നതാണ്. സാമൂഹ്യ സുരക്ഷാ വലയത്തിന് വരുമാനസഹായം വേണം എന്ന ആവശ്യം ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നുവരികയാണ്. പല കാരണങ്ങളാല്‍ തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാന്യമായി ജീവിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സഹായം സര്‍ക്കാറുകള്‍ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ദാരിദ്ര്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍ ചുറ്റുവട്ടത്തും ദൃശ്യമാകുമ്പോള്‍ ഏത് നിമിഷവും ദാരിദ്ര്യത്തിലേക്ക് വഴുതി വീണു പോകാനുള്ള സാഹചര്യങ്ങള്‍ അടിക്കടി വര്‍ധിക്കുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കാതെ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം എന്ന് 2024ലെ ലോക സാമൂഹിക റിപ്പോര്‍ട്ട് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പത്തായ മനുഷ്യ വിഭവ ശേഷിക്ക് വലിയ രീതിയില്‍ പ്രയാസം നേരിടുമ്പോള്‍ അനാരോഗ്യം, പോഷകാഹാരക്കുറവ്, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം,മാനസിക പ്രശ്‌നങ്ങള്‍ എന്നീ അവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള നടപടികള്‍ കൂടി സാമൂഹ്യ സുരക്ഷാ വലയത്തില്‍ ഉണ്ടാക്കേണ്ടതായിട്ടുണ്ട് ,ഒപ്പം മാന്യമായി ജോലി ചെയ്യാനുള്ള പ്രാഥമികമായ സൗകര്യങ്ങളും സംവിധാനങ്ങളും യുദ്ധ കാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടതായിട്ടുണ്ട്

2030 ല്‍ ലോകം കൈവരിക്കേണ്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ 8 എണ്ണവും, ഉപ ലക്ഷ്യങ്ങളായി കണ്ട 169 ല്‍ 74 എണ്ണവും 232 സൂചകങ്ങളില്‍ 104 സൂചകങ്ങളും, സാമൂഹ്യ വികസനത്തെ കുറിച്ചാണ് പറയുന്നത്. ലോകത്ത് നിലവിലുള്ള മൂന്നിലൊന്ന് ദാരിദ്ര്യത്തില്‍ നിന്നും പത്തിലൊന്നായി കുറക്കുവാനുള്ള ലക്ഷ്യമാണ് കൈവരിക്കേണ്ടത് . 2022 ല്‍ മാത്രം ലോകത്ത് 712 ദശലക്ഷം പേര്‍ അതി ദരിദ്രരായി എന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തിലെ 53% ജനങ്ങള്‍ക്കും യാതൊരു സാമൂഹ്യ സുരക്ഷാ വലയുമില്ല എന്ന ലോക സാമൂഹിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതായിട്ടുണ്ട്. ഇനിയും 49 കൊല്ലം കഴിഞ്ഞാല്‍ മാത്രമേ ലോകത്ത് എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷാ സംരക്ഷണം ലഭിക്കുകയുള്ളൂ എന്ന് ലോക തൊഴില്‍ സംഘടനയുടെ നിരീക്ഷണവും ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതായിട്ടുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും മോചനം നേടാന്‍ സാമൂഹ്യസഹായം, സാമൂഹിക ഇന്‍ഷുറന്‍സ്, പെന്‍ഷനുകള്‍, തൊഴിലില്ലായ്മ ആനുകൂല്യം ,ജീവിത സുരക്ഷ എന്നിവ കൂടാതെ വരുമാന സഹായവും ലഭ്യമാക്കേണ്ടതായിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പരിപാടികള്‍ അതത് രാജ്യങ്ങളിലെ രാഷ്ട്രീയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും രൂപപ്പെട്ടു വരുന്നത്. ലോകത്ത് കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന 20 രാജ്യങ്ങളില്‍ 8.7% ജനങ്ങള്‍ക്ക് മാത്രമേ സാമൂഹ്യ സുരക്ഷാ സംവിധാനം ലഭിക്കുന്നുള്ളൂ, ലോകത്ത് ആരോഗ്യമേഖല ഒഴികെയുള്ള സാമൂഹിക സുരക്ഷാ സംവിധാനത്തിന് വികസന രാജ്യങ്ങള്‍ ആകെ ദേശീയ വരുമാനത്തിന്റെ 16.2% ചെലവഴിക്കുമ്പോള്‍. വികസ്വര രാജ്യങ്ങളില്‍ ഇത് 8.5 % വും ദരിദ്ര രാജ്യങ്ങളില്‍ 4.2% മാത്രമാണ് സാമൂഹ്യ സുരക്ഷക്കായി ചെലവഴിക്കുന്നത്.

വികസിത രാജ്യങ്ങളിലെ 85% ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷാ സംവിധാനം ലഭിക്കുമ്പോള്‍ പിന്നോക്ക രാജ്യങ്ങളില്‍ ഇത് കേവലം 13% ജനങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. 2023 ല്‍ ലോകത്തുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ 17.5 ട്രില്യന്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2019 നെക്കാള്‍ കൂടുതല്‍ വിശപ്പ് അനുഭവിക്കുന്നവര്‍ 122 ദശ ലക്ഷം പേര്‍ അധികമായി ലോകത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വിശപ്പ് അനുഭവിക്കുന്നവരുടെ എണ്ണം 600 ദശലക്ഷം ആകുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ആഗോള സുസ്ഥിതി വികസന റിപ്പോര്‍ട്ട് 2023 ലെ കണക്കുപ്രകാരം ലോകത്തിലെ അതിസമ്പന്നരായ 10% പേര്‍, ലോക വരുമാനത്തിന്റെ 76% കയ്യടക്കുമ്പോള്‍,ലോക ജനസംഖ്യയിലെ 50% പേര്‍ക്കും ആകെ വരുമാനത്തിന്റെ 2% മാത്രമാണ് ലഭിക്കുന്നത്. 2020 ല്‍ ദുരന്തങ്ങള്‍ കൊണ്ട് 24 ദശലക്ഷം പേര്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും നാടുവിട്ടു പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് ഇത് 2022ല്‍ 147 രാജ്യങ്ങളില്‍ നിന്നായി 323 ദശ ലക്ഷം പേരായി ഉയര്‍ന്നു എന്നത് ജനങ്ങളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായി ലോക സാമൂഹിക റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നു.

2019 ല്‍ ലോകത്ത് പോഷകാഹാരം ലഭിക്കാത്തവരായി 7.9 % ജനങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ 2023 ല്‍ അത് 9.2% ആയി വര്‍ദ്ധിച്ചു.ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഇത് 19.7% വും, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 29.1 % വുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. 60% ജനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയില്ലാത്ത 11 രാജ്യങ്ങള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 40% വും സംഘര്‍ഷങ്ങളിലോ ദുരന്തങ്ങളിലൂടെയോ ഫലമായിട്ടാണ് സംഭവിക്കുന്നത് എന്നും റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നു.
വികസ്വര രാജ്യങ്ങളില്‍ സര്‍ക്കാര്‍ വരുമാനത്തിന് 20% വും കടം വീട്ടാനാണ് വിനിയോഗിക്കുന്നത് ,ദാരിദ്ര നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതിന്റെ മൂന്ന് മടങ്ങ് തുകയാണ് ഇത്.2020/ 23 കാലത്ത് ലോകത്ത് അഞ്ച് രാജ്യങ്ങളില്‍ വിദേശ ലോണ്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി, സാംമ്പിയ,സുരീനാം, ശ്രീലങ്ക,ഗാന, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പ്രയാസത്തില്‍ ആയത് ഇതോടെ അവിടെയുള്ള ജനങ്ങളുടെ സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായി.

ലോകത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും തൊഴിലില്ലായ്മ വേതനം 18. 6% പേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ വികലാംഗരില്‍ 33.5 % ന് മാത്രമേ ലോകത്ത് സാമൂഹ്യ സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ എന്ന് റിപ്പോര്‍ട്ട് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 26.4% കുട്ടികള്‍ക്ക് മാത്രമേ സാമൂഹ്യ സുരക്ഷ വലയം ഉണ്ടാക്കുവാന്‍ ലോകത്തിന് സാധിച്ചിട്ടുള്ളൂ.44.9% അമ്മമാര്‍ക്ക് മാത്രമേ പ്രസവനന്തരമായി ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോര്‍ച്ചുഗല്‍, സ്‌പെയിന്‍,ഇറ്റലി,ഗ്രീസ്, അമേരിക്ക,ബ്രസീല്‍, വെനൂസല, ഇക്കോഡര്‍, ബോളിവിയ എന്നീ രാജ്യങ്ങളിലെ ഭരണഘടനയില്‍ സാമൂഹ്യ സുരക്ഷ, വ്യക്തിപരമായ അവകാശമാണ് എന്ന് എഴുതിവെച്ചിട്ടുണ്ട് എങ്കിലും മറ്റു രാജ്യങ്ങളില്‍ അതാത് ഭരണാധികാരികളുടെ ദയാ ദാക്ഷണ്യം ഉണ്ടെങ്കില്‍ മാത്രമേ സാമൂഹ്യ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന സ്ഥിതി സംജാതമായിട്ടുണ്ട്.

വ്യക്തിപരമായ ഇന്‍ഷുറന്‍സ് കവറേജ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്
OECD അംഗരാജ്യങ്ങളായ 38 രാജ്യങ്ങളില്‍ 2021ലെ ജനസംഖ്യ പ്രകാരം100% ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്,95% ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ഉള്ള ആറ് രാജ്യങ്ങളും 90 ശതമാനത്തില്‍ എത്തിയ രണ്ട് രാജ്യങ്ങളും ലോകത്തുണ്ട്. നെതര്‍ലാന്‍ഡ് സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനത്തിലൂടെയാണ്,സ്വകാര്യ മേഖലയും സര്‍ക്കാര്‍ മേഖലയും സംയുക്തമായി ഇന്‍ഷുറന്‍സ് നല്‍കുന്ന ചിലി,ജര്‍മ്മനി അമേരിക്കഎന്നി രാജ്യങ്ങളിലാണ് പക്ഷേ ദരിദ്ര രാജ്യങ്ങളില്‍ 20.3 % ജനങ്ങള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് ഉള്ളൂ. 1990 ല്‍ ലോകത്ത് മൈക്രോ ഇന്‍ഷുറന്‍സ് ആരംഭിച്ചില്ലെങ്കിലും ലോകത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇന്നും ഇന്‍ഷുറന്‍സ് എന്നത് സ്വപ്നമായി മാറുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്.

ലോകത്ത് ദുരന്തങ്ങള്‍ വര്‍ധിക്കുമ്പോഴും പ്രതി വര്‍ഷം 47 അധികം വലിയ ദുരന്തങ്ങള്‍ അധികമായി സംഭവിക്കുമ്പോഴും ഇത്തരം ദുരന്തങ്ങളില്‍ ഇന്‍ഷുറന്‍സ് ലഭിക്കാത്ത ആളുകള്‍ വലിയ രീതിയില്‍ വര്‍ധിച്ചുവരുന്നു എന്നത് സാമൂഹ്യ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട വിഷയമാണ്

ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുവാനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിച്ചു വരേണ്ടതും ഇത്തരം വിവരങ്ങള്‍ സാമൂഹ്യപ്രക്രിയയിലൂടെ ജനങ്ങളിലേക്ക് കൈമാറാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടായി വരേണ്ടതായിട്ടുണ്ട്. കേരളത്തിലെ വയനാട് ഉണ്ടായ ദുരന്തങ്ങള്‍ അടക്കം പല ദുരന്തങ്ങളും മനുഷ്യ സമൂഹത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്താണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുള്ള കടമകളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ജനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉണ്ടാക്കിക്കൊടുക്കല്‍ എന്ന് ലോക സാമൂഹിക റിപ്പോര്‍ട്ട് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ലോകത്ത് ദുരന്തം നേരിട്ടാല്‍ 37.3 % പേര്‍ക്ക് മാത്രമാണ് പണമായി ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന ലോക തൊഴില്‍ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് ദൂരം രാജ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. തൊഴിലെടുക്കുന്ന 37.4% മാര്‍ക്ക് മാത്രമേ തൊഴില്‍ സ്ഥലങ്ങളില്‍ അപകടം പറ്റിയാല്‍ സഹായം ലഭിക്കുന്നുള്ളൂ .പെന്‍ഷന്‍ അര്‍ഹത ഉള്ളവരില്‍ 79% ന് മാത്രമേ ലോകത്ത് പെന്‍ഷന്‍ ലഭിക്കുന്നുള്ളൂ. ലോകത്ത് പണപ്പെരുപ്പം 5.7 % വര്‍ധിച്ചതും ജീവിത ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഒരു വലിയ സാമൂഹിക വിപത്ത് മുന്നില്‍ ഏത് നിമിഷവും വരാന്‍ സാധ്യതയുണ്ട് എന്ന രീതിയില്‍ ജീവിക്കേണ്ടിവരുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ വലയം സൃഷ്ടിക്കുക എന്നത് ഏറ്റവും അനിവാര്യമായ ചുമതലയായി രാജ്യങ്ങള്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏതാണ്ട് 616 ബില്യണ്‍ യുഎസ് ഡോളര്‍ തുകയെങ്കിലും ഉണ്ടെങ്കിലെ ലോകത്താകമാനം പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് സുരക്ഷ വലയം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്നു.

 

സാമൂഹ്യ സുരക്ഷാ വലയം ഇല്ലാത്ത ലോകം

Share

Leave a Reply

Your email address will not be published. Required fields are marked *