സംഘപരിവാര്‍-ജമാഅത്ത ഇസ്‌ലാമി അച്ചുതണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പി.മോഹനന്‍ മാസ്റ്റര്‍

സംഘപരിവാര്‍-ജമാഅത്ത ഇസ്‌ലാമി അച്ചുതണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പി.മോഹനന്‍ മാസ്റ്റര്‍

പി.ടി.നിസാര്‍

 

കോഴിക്കോട്: സംഘപരിവാര്‍-ജമാഅത്ത ഇസ്‌ലാമി അച്ചുതണ്ട് ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. മുസ്ലിംലീഗിന്റെ ഒരു തോളില്‍ ജമാഅത്തെ ഇസ്‌ലാമിയും,മറു തോളില്‍ എസ്ഡിപിഐയുമാണ്. ഈ  സംഖ്യം കൊണ്ടൊന്നും ഇടതു മുന്നണി സര്‍ക്കാരിനെ പോറലേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എല്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്സ് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 11 സംസ്ഥാനങ്ങളിലെ 173 സീറ്റുകളില്‍ അവര്‍ തനിച്ചാണ് മത്സരിച്ചത്. വിജയിച്ചതാവട്ടെ 31 സീറ്റുകളില്‍ മാത്രം. ഇവിടങ്ങളിലെ ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കില്‍, 400 സീറ്റ് നേടി ഇന്ത്യന്‍ ഭരണഘടന മാറ്റിക്കുറിക്കുമെന്ന് പ്രഖ്യാപിച്ച മോദി ഭരണത്തിന് അന്ത്യം കുറിക്കുമായിരുന്നു. എന്നാലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം പോലും നേടാന്‍ ബിജെപിക്കായില്ല.

ഇന്ത്യന്‍ ജനത മതേതരത്വം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണെന്നതിന് തെളിവാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ചപോലെ മുന്നേറ്റമുണ്ടാക്കാനായില്ല. സംസ്ഥാനത്തിന് കേന്ദ്രം നല്‍കേണ്ട ആനുകൂല്യം തടഞ്ഞ് വെച്ച് ശ്വാസം മുട്ടിച്ചതിന്റെ ഫലമായി ജനങ്ങള്‍ക്കാവശ്യമായ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ തടസ്സം നേരിട്ടതും, കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കോണ്‍ഗ്രസും, ലീഗും, വര്‍ഗ്ഗീയ സംഘടനകളും ഒന്നിച്ച് എതിര്‍ത്തതാണ് ഉദ്ദേശിച്ച വിജയം നേടാനാവാതെ പോയതിന് കാരണം. ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍, മറ്റ് രൂപത്തില്‍ പണം കണ്ടെത്തി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.

ജമ്മു-കശ്മീരിലെ ഫലം പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലമാണ് ജമ്മു-കശ്മീര്‍. അതിനെ രണ്ടായി വെട്ടിമുറിച്ച്, മോഹന വാഗ്ദാനങ്ങള്‍ നല്‍കി, ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി, കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞിട്ടും അവിടുത്തെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും ലഭിക്കാത്ത ഹരിയാന, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കൊണ്ടാണ്. മറ്റുള്ളവരെ യോജിപ്പിക്കാന്‍ കോണ്‍ഗ്രസ്് തയ്യാറാവണം.

ജമ്മു-കശ്മീര്‍, പൗരത്വ ഭേദഗതി, ഏക സിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങളെ സിപിഎം അമിതമായി പ്രീണിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ന്യൂനപക്ഷ സംരക്ഷണം മതനിരപേക്ഷ സംവിധാനത്തിന്റെ ഭാഗമാണ്. ലോകത്ത് കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളിടത്തെല്ലാം ഈ നിലപാടാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. അവര്‍ക്കെതിരായ പീഡനങ്ങള്‍ വരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിനെതിരായി പോരാടും. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കെതിരായി അക്രമം നടക്കുമ്പോള്‍ അവിടെയും കമ്മ്യൂണിസ്റ്റുകള്‍ അതിനെതിരെ നിലപാടെടുക്കും. പലസ്തീന്‍ വിഷയത്തിലും കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ലോകം കണ്ടതാണ്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിം വിരുദ്ധരാണ് എന്നാണ് പ്രചാരവേല. മലപ്പുറം വിരുദ്ധരാണ് എന്നാണ് മറ്റൊരു പ്രചാരണം. ഏതെങ്കിലും ഒരു വിഭാഗം കൂടുതലായി താമസിക്കുന്നതിനാല്‍ ആ ജില്ലയെ മതത്തിന്റെ ചാപ്പകുത്തേണ്ട ആവശ്യമില്ല. കോട്ടയവും, പത്തനംതിട്ടയും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്. ആരെങ്കിലും ക്രിസ്ത്യന്‍ ജില്ല എന്ന് പറയാറുണ്ടോ?

1957ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് ഗവണ്‍മെന്റാണ് എംഎസ്പിയില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കിയത്. 1967ലെ ഇഎംഎസ് ഗവണ്‍മെന്റാണ് മലപ്പുറം ജില്ല അനുവദിച്ചത്. അന്ന് സംഘപരിവാറും കോണ്‍ഗ്രസും കുട്ടി പാക്കിസ്ഥാനെന്നാണ് പേരിട്ട് വിളിച്ചത്.

2023 ജനുവരി 13ന് ജമാഅത്തെ ഇസ്‌ലാമി നേതാവ് ആരിഫ് അലിയും, ആര്‍എസ്എസ് നേതൃത്വവും നടത്തിയ ചര്‍ച്ചയുടെ അജണ്ടയെന്തായിരുന്നു. സാമുദായിക വര്‍ഗ്ഗീയ സംഘടനകള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിസ്ഥിതിയുടെ മറ സൃഷ്ടിച്ച് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ്.

സംസ്ഥാന ഭരണം പിടിക്കാന്‍ എസ്ഡിപിഐയേയും, ജമാഅത്തെ ഇസ്‌ലാമിയെയും തോളിലേറ്റി മുസ്ലിം ഏകീകരണമുണ്ടാക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കുകയാണ്. അധികാരത്തിലേക്കുള്ള കുറുക്കുവഴി സൃഷ്ടിക്കാന്‍ വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടി നാടിനാപത്താണ്. സംഘപരിവാര്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുമ്പോള്‍, ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. ഈ രണ്ട് ശക്തികളും നാടിനാപത്താണ്.

ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ മൂന്നാം തവണയും ഇടതു മുന്നണി അധികാരത്തിലെത്തുമെന്നദ്ദേഹം പ്രസ്താവിച്ചു. ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എല്ലാവരെയും യോജിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണ് ഒരു തരത്തിലുള്ള വര്‍ഗ്ഗീയ ശക്തികളോടും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാരാണിത്. കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമാണ്.

ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍എ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍, സിപിഐ നേതാവ് പി.കെ.നാസര്‍ സംസ്ഥാന ഐഎന്‍എല്‍ സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

സംഘപരിവാര്‍-ജമാഅത്ത ഇസ്‌ലാമി അച്ചുതണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പി.മോഹനന്‍ മാസ്റ്റര്‍

Share

Leave a Reply

Your email address will not be published. Required fields are marked *