പൊന്നോണ സ്മരണകളില്‍ നമുക്കൊന്നായി മുന്നേറാം

പൊന്നോണ സ്മരണകളില്‍ നമുക്കൊന്നായി മുന്നേറാം

എഡിറ്റോറിയല്‍

കള്ളവും, ചതിയുമില്ലാത്ത, മാനവരെല്ലാരുമൊന്നുപോലെ വാണിടുന്ന മാവേലി കാലത്തിന്റെ മധുരസ്മരണകളുമായി പൊന്നോണം വന്നണഞ്ഞിരിക്കുകയാണ്. മാവേലി മന്നന്റെ ഭരണ കാലം കേരളീയര്‍ മാത്രമല്ല മനുഷ്യ സമൂഹമൊന്നാകെ ആഗ്രഹിക്കുന്ന ഒന്നാണ്.
സമത്വ സുന്ദരമായ ഒരു കാലത്തിന്റെ ഓര്‍മ്മകളാണ് മലയാളികള്‍ ലോകത്തിന് മുന്‍പാകെ വെക്കുന്നത്. അതുകൊണ്ട് തന്നെ മലയാളികള്‍ ഉള്ളിടത്തെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്. നാം പാടി പറഞ്ഞ മാവേലി മന്നന്റെ കാലം ഇനിയും വന്നെങ്കിലെന്ന് ആശിക്കാത്തവരായി ആരുണ്ട്. മനുഷ്യരെല്ലാവരും ഒരമ്മപെറ്റ മക്കളെപോലെ അന്യോന്യം സ്‌നേഹിക്കാനും സഹായിക്കാനും വേര്‍തിരിവുകളില്ലാതെ ജീവിക്കാനും തയ്യാറായിരുന്നെങ്കില്‍ കൂടുതല്‍ സുന്ദരമാകുമായിരുന്നു നമ്മുടെ കൈരളി. മാവേലി മന്നന്റെ സ്മരണകള്‍ ഓര്‍ക്കുമ്പോള്‍ അത്തരം ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവരാരുണ്ട്.
എവിടെയാണ് ചുവട് പിഴച്ചുപോയതെന്ന് ആലോചിക്കേണ്ട സമയമാണിത്. സ്‌നേഹ സുരഭിലവും, സാഹോദര്യവും നൃത്തംവെച്ചിരുന്ന നമ്മുടെ മലയാളക്കരക്ക് ക്ഷതം സംഭവിച്ച കാര്യങ്ങള്‍ എങ്ങിനെ വന്ന് ഭവിച്ചു എന്ന് പുതു തലമുറ പരിശോധിക്കണം. പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്യന്തം വേദനാജനകമാണ്. മനുഷ്യന്‍ മനുഷ്യനെതന്നെ അപകടത്തില്‍പ്പെടുത്തുന്ന മനുഷ്യത്വം നഷ്ടപ്പെടുന്ന പ്രവര്‍ത്തികള്‍ വാര്‍ത്തകളാവുമ്പോള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്. വ്യക്തികളും സംഘടനകളും, മറ്റെല്ലാ പ്രസ്ഥാനങ്ങളും അത്മ പരിശോധന നടത്താന്‍ തയ്യാറാവണം. ദേശീയ സ്വാതന്ത്ര്യ സമരത്തിന് ഉജ്ജ്വല നേതൃത്വം കൊടുത്ത കേരളം, ജാതി-ജന്മി, നാടുവാഴിത്തത്തിന്റെ  വേരറുത്ത കേരളം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയ കേരളം മെച്ചപ്പെടുത്തിയെടുക്കാന്‍ നാമോരോരുത്തരും നിരന്തരം പരിശ്രമിക്കണം. നമ്മുടെ യുവ തലമുറയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ലോബികള്‍ക്കെതിരെ സമൂഹം സദാ ജാഗ്രത പുലര്‍ത്തണം. കക്ഷി രാഷ്ട്രീയത്തിന്റെ  ചോരകത്തികള്‍ ഉയരാത്ത, ഒരു നിലവിളികളും അന്തരീക്ഷത്തിലുയരാത്ത ജാതി-മത-വര്‍ഗ്ഗീയ ഭിന്നിപ്പുകളില്ലാത്ത കേരളം, അത്തരമൊരു കേരളമാണ് നാം സൃഷ്ടിക്കേണ്ടത്. അതാണ് വരും തലമുറയ്ക്കായി നാം ഒരുക്കികൊടുക്കാനുള്ളത്.
രാഷ്ട്രീയം സര്‍ഗ്ഗാത്മകമാകണം. വിശക്കുന്നവന്റെയും കൂരയില്ലാത്തവന്റെയും, രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പാനും അവരെ ചേര്‍ത്തുപിടിക്കാനും നമുക്കായാല്‍ തീര്‍ച്ചയായും മാവേലി മന്നന്റെ കാലത്തേക്ക് നമുക്ക് നടന്നടുക്കാനാവും. ജീവകാരുണ്യ മേഖലയില്‍ വലിയ മുന്നേറ്റം നടക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ ശക്തമാക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം. ഉദ്യോഗസ്ഥരുടെ സമര്‍പ്പണം കൂടുതല്‍ അര്‍ത്ഥവത്താകണം. അഴിമതിയെ പടിക്ക് പുറത്ത് നിര്‍ത്താനാവണം. രാഷ്ട്രീയ രംഗത്ത് ആരോഗ്യകരമായ മല്‍സരം നടക്കട്ടെ. കാര്‍ഷിക സംസ്‌കൃതി തിരിച്ച് പിടിക്കട്ടെ. കടല്‍ കടന്ന് പോകുന്ന നമ്മുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും, തൊഴില്‍ നല്‍കാന്‍ കാര്‍ഷിക-ഐടി-വ്യവസായിക മേഖലയില്‍ നല്ല ചുവട് വെപ്പുകളുണ്ടാവട്ടെ.
ഭരണാധികാരികള്‍ ജനങ്ങളെ ഒന്നായി കാണേണ്ടവരാണ്. അതിന് മകുടോദാഹരണമാണ് മാവേലിമന്നന്റെ സ്മരണകള്‍. നമ്മുടെ കുഞ്ഞുങ്ങള്‍, അമ്മമാര്‍, സഹോദരിമാര്‍ സുരക്ഷിതരായി ജീവിക്കുന്ന ഒരു കേരളം, മദ്യം, മയക്കുമരുന്ന്, സാമൂഹിക വിപത്തുകള്‍ക്കെതിരെ കൈകോര്‍ക്കുന്ന കേരളം പരസ്പരം മനസ്സിലാക്കുന്ന ഒരു ജനത അതെല്ലാമാണ് ഓണ സ്മരണകളിലൂടെ നാം കൈവരിക്കേണ്ടത്. ഓണവും മാവേലിയും ലോകത്തിന് കേരളം നല്‍കിയ മനോഹരമായ ഒരു സങ്കല്‍പ്പമാണ്. ആ മധുര സ്മരണകളെ നെഞ്ചോട് ചേര്‍ത്ത് നമുക്കൊന്നായി മുന്നേറാം. എല്ലാവര്‍ക്കും പീപ്പിള്‍സ്‌റിവ്യൂവിന്റെ ഓണാശംസകള്‍.

പൊന്നോണ സ്മരണകളില്‍ നമുക്കൊന്നായി മുന്നേറാം

Share

Leave a Reply

Your email address will not be published. Required fields are marked *